banner

നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല; ഉസ്താദിനെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ


കോഴിക്കോട് : യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചന ശ്രമം തുടരവെ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് മര്‍ക്കസില്‍ എത്തിയാണ് കൂടിക്കാഴ്ച. മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലില്‍ കാന്തപുരത്തിന് ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു. പരസ്യപ്രതികരണത്തിലൂടെ തെറ്റിദ്ധാരണ പരത്തി നിമിഷ പ്രിയയുടെ മോചനം വൈകിപ്പോകരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'നന്ദി അറിയിക്കാനാണ് വന്നത്. കാന്തപുരത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. ധാര്‍മ്മികവും മാനുഷികവുമായ പ്രവര്‍ത്തനം ഇതില്‍ ഉണ്ടായിട്ടുണ്ട്. ഒന്നരവര്‍ഷമായി വിഷയം കോര്‍ഡിനേറ്റ് ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ കാന്തപുരത്തിന് നന്ദി പറയാന്‍ എനിക്ക് ബാധ്യതയുണ്ട്. നിമിഷ പ്രിയയുടെ തിരിച്ചുവരവാണ് നമ്മുടെ ആവശ്യം. സമൂഹമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണം. അതിന് ചുക്കാന്‍ പിടിക്കാന്‍ കാന്തപുരത്തിന് സാധിക്കും.

തെറ്റിദ്ധാരണ ഉണ്ടാവരുത്. മോചനത്തില്‍ ഒത്തിരിപേര്‍ക്ക് പങ്കുണ്ട്. ഞാന്‍ സംസാരിക്കുന്നതുപോലും അവര്‍ ലൈവായി കാണുകയാണ്. വിവര്‍ത്തനം ചെയ്തുകൊടുക്കാനും ആളുണ്ട്. സൈലന്റായ പ്രവര്‍ത്തനമായിരിക്കും ഉചിതം എന്ന് വിചാരിക്കുന്നു. ഈയൊരു വിഷയത്തിലെങ്കിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്. ലക്ഷ്യത്തിലേക്ക് നടന്നടുക്കും നമ്മള്‍ എന്നും കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവന്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഫ് അബ്ദുള്‍ മഹ്ദി രംഗത്തെത്തി. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് മഹ്ദി പറയുന്നു.

യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ യെമനില്‍ ആരംഭിച്ചത്.

إرسال تعليق

0 تعليقات