കൊല്ലം : വാടി കടപ്പുറത്ത് കൊല്ലം ഹാർബറിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന വള്ളം കടലിൽ ഒഴുകി പാറയിൽ ഇടിച്ച് തകർന്നു. വാടി കല്ലേലിവയൽ പുരയിടത്തിൽ എഡിസന്റെ ഉടമസ്ഥതയിലുള്ള ‘പൊൻകുരിശ്’ എന്ന വള്ളമാണ് ശനിയാഴ്ച രാവിലെ വെള്ളം കയറി താഴ്ന്ന നിലയിൽ കണ്ടെത്തിയത്. വള്ളം പാറയിൽ ഇടിച്ച് വിള്ളലുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് തൊഴിലാളികൾ രംഗത്തെത്തി. മുൻപ് ഈ വള്ളത്തിൽ നിന്ന് എൻജിൻ മോഷണം പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, സാമൂഹിക വിരുദ്ധർ വള്ളം മനഃപൂർവം കെട്ടഴിച്ചുവിട്ടതാണോ എന്ന് സംശയിക്കുന്നു. 24 തൊഴിലാളികൾ ഉപയോഗിച്ചിരുന്ന വള്ളം പൂർണമായും ഉപയോഗശൂന്യമായതിനാൽ ഏകദേശം 65 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ എഡിസൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എഡിസൻ പൊലീസിൽ പരാതി നൽകി. തൊഴിലാളികളും അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.
0 Comments