തൃക്കരുവ : അഷ്ടമുടി സ്കൂളിന് സമീപം അപകടകരമായ രീതിയിൽ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി കമ്പികൾ കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി അടിയന്തരമായി മാറ്റി സുരക്ഷിതമായി പുനർസ്ഥാപിച്ചു. അസിസ്റ്റന്റ് എൻജിനീയർ റൂപ്പസിന്റെ നേതൃത്വത്തിൽ സബ് എൻജിനീയർമാരായ സംഗീത്, അജിത്ത് കുമാർ, ഓവർസീയർ സുനിൽ കുമാർ എന്നിവർ അടങ്ങുന്ന കെ.എസ്.ഇ.ബി സംഘമാണ് പ്രശ്നം പരിഹരിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷിബു ജോസഫും പ്രിൻസിപ്പാൾ പോൾ ആൻ്റണിയും വിളിച്ചറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി നടപടി സ്വീകരിച്ചു.
ഈ ഇടപെടൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. സമീപത്തെ തേവലക്കര ബോയ്സ് സ്കൂളിൽ നേരത്തെ ഉണ്ടായ ഒരു ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി ശ്രദ്ധേയമാകുന്നത്. ആ സംഭവത്തിൽ, എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ (13) കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ, താഴ്ന്ന് കിടന്ന ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിൽ വീണ് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കെ.എസ്.ഇ.ബിയുടെ ഈ സുരക്ഷാ നടപടി നിർണായകമാണെന്ന് സ്കൂൾ അധികൃതർ പ്രശംസിച്ചു.
0 تعليقات