banner

64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചു...!, പരാതിയില്‍ മൈജി ഫ്യൂച്ചറിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി


കൊച്ചി : വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയില്‍ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നല്‍കി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയില്‍, വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം, മാലിപ്പുറം സ്വദേശി, മനുവല്‍ വിന്‍സെന്റ്, 2023 ഫെബ്രുവരിയിലാണ് മൈജി ഫ്യൂച്ചര്‍ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടര്‍ന്ന് 10 ലിറ്റര്‍ ബിരിയാണി പോട്ട് 64% വിലക്കുറവില്‍ 1,199/ രൂപയ്ക്ക് വാങ്ങി. എന്നാല്‍ ലഭിച്ച ഇന്‍വോയിസ് പ്രകാരം യഥാര്‍ത്ഥ വില വെറും 1,890/ ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

തെറ്റായ വിലക്കുറവ് കാണിച്ച് പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019-ന്റെ സെക്ഷന്‍ 2(28) പരാമര്‍ശിക്കും പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെന്ന് ഡി.ബി ബിനു, അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ഇനി പുറപ്പെടുവിക്കുന്നതില്‍ നിന്നും എതിര്‍കക്ഷി സ്ഥാപനത്തെ കോടതി വിലക്കി. കൂടാതെ, എതിര്‍ കക്ഷി ഉപഭോക്താവില്‍ നിന്ന് അധികമായി ഈടാക്കിയ തുകയായ 519/ രൂപ തിരികെ നല്‍കാനും, നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 15,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി

ഈ വിധിന്ന്യായം, ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും വിപണിയില്‍ നീതിയും വിശ്വാസവും നിലനിര്‍ത്തുന്നതിനും വളരെ ഗൗരവമുള്ള സന്ദേശമാണ് നല്‍കുന്നത്. യോഗ്യമായ തെളിവുകള്‍ ഉന്നയിച്ച ഉപഭോക്താവിന് നീതി ഉറപ്പാക്കിയത് ജാഗ്രതയോടെയും കരുതലോടെയുമുള്ള നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു. അഡ്വ. ഡെന്നിസണ്‍ കോമത്ത് പരാതിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായി.

إرسال تعليق

0 تعليقات