banner

മകളുടെ വധശിക്ഷ മാറ്റിവയ്ക്കണം...!, യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷയുമായി നിമിഷ പ്രിയയുടെ അമ്മ

ന്യൂഡൽഹി : യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ. നിമിഷയുടെ അമ്മ പ്രേമകുമാരിയാണ് യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷയുമായി രംഗത്ത് വന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയും ബ്ലഡ് മണിയുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകുമെന്നുമാണ് കുടുംബവും ആക്ഷന്‍ കൗണ്‍സിലും പ്രതീക്ഷിക്കുന്നത്.

ജൂലായ് 16 (ബുധനാഴ്ച) ആണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനായി നിശ്ചയിച്ചിരിക്കുന്ന ദിവസം. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച മറുപടി നല്‍കും.

കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം എട്ട് കോടിയോളം രൂപയാണ് ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത് നിമിഷയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പിലാക്കാന്‍ യമന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. മോചന നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യെമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സന്‍ആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നാണ് വിവരം. 2017 ജൂലായിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. തൊട്ടടുത്ത മാസം തന്നെ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായതിന് ശേഷം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി 2018ല്‍ നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

إرسال تعليق

0 تعليقات