തിരുവനന്തപുരം : ഇതിഹാസ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും മക്കളുമടക്കമുള്ള ഉറ്റബന്ധുക്കൾ സമീപത്തുണ്ടായിരന്നു. ഇന്ന് നില അതീവഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എസ് രാമചന്ദ്രൻപിള്ള, വി ജോയി, കെഎൻ ബാലഗോപാൽ, വീണാ ജോർജ്, കോൺഗ്രസ് നേതാവ് വിഎം സുധീരൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.
പക്ഷാഘാതത്തെത്തുടർന്ന് ഏറെനാളായി വീട്ടിൽ വിശ്രമത്തിലായിരുന്ന വിഎസിന് ഹൃദയാഘാതം ഉണ്ടായതോടെ ജൂൺ 23ന് രാവിലെയാണ് എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയും മരുന്നുകളാേട് പ്രതികരിക്കുകയും ചെയ്തിരുന്നു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തിവരികയായിരുന്നു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം. നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച വിഎസ്, ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു.
നിവർത്തന പ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. തുടർന്ന് 1940ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.അച്യുതാനന്ദനിൽ നല്ലൊരു കമ്യൂണിസ്റ്റുകാരനുണ്ടെന്ന് കണ്ടെത്തിയത് പി. കൃഷ്ണപിള്ളയായിരുന്നു. പാർട്ടി വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്ന് അച്യുതാനന്ദൻ വളർന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു.
പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിൽ ഒളിവിലിരുന്നു. പിന്നീട് അറസ്റ്റിലായ അദ്ദേഹത്തിന് ലോക്കപ്പിൽ ക്രൂരമർദ്ധനം ഏൽക്കേണ്ടിവന്നു. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.1952ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.ഭാര്യ: കെ.വസുമതി, മക്കൾ: വി.എ.അരുൺകുമാർ, ഡോ. വി വി ആശ. മരുമക്കൾ: ഡോ. രജനി ബാലചന്ദ്രൻ, ഡോ. വി.തങ്കരാജ്.
0 تعليقات