banner

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു...!, രോഗബാധ കണ്ടെത്തിയ ഫാമിനു ചുറ്റുമുള്ള പത്തു കിലോമീറ്റർ രോഗനിരീക്ഷണ മേഖല

തൃശൂർ : ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഐസക് സാം വ്യക്തമാക്കി. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം കണ്ടെത്തിയത്.

രോഗബാധ കണ്ടെത്തിയ ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പന്നി, പന്നിമാംസം, പന്നി ഉൽപ്പന്നങ്ങൾ, തീറ്റ എന്നിവയടക്കം രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു. ഈ പ്രദേശത്ത് പന്നികളുടെ വിൽപ്പനയും വിതരണം നടത്തുന്ന കടകളുടെ പ്രവർത്തനവും നിർത്തിവെക്കാനും നിർദേശമുണ്ട്.

2020-നാണ് ഇന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. അസമിലെയും അരുണാചലിലെയും ഗ്രാമങ്ങളിലായിരുന്നു രോഗബാധ. കേരളത്തിൽ 2022-ലാണ് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനന്തവാടി മുനിസിപ്പാലിറ്റിയിലും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലും നെന്മേനി ഗ്രാമപഞ്ചായത്തിലും പിന്നെ കണ്ണൂർ ജില്ലയിലെ കാണിച്ചാർ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു.

إرسال تعليق

0 تعليقات