അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായികാധ്യാപകനും കുരീപ്പുഴ സ്വദേശിയായ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് സംഭവം നടന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകനായ മുഹമ്മദ് റാഫിയെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നടപടി ആവശ്യപ്പെട്ട് വിദ്യാർഥി ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു.
സഹപാഠികൾക്കൊപ്പം കോമ്പൗണ്ടിൽ നിൽക്കുമ്പോൾ അധ്യാപകൻ എത്തി ക്ലാസിലേക്ക് പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥി പറയുന്നു. താൻ പതുക്കെ നടന്നുപോകുന്നതിനിടെ അധ്യാപകൻ പിന്നിലെത്തി തള്ളിയെന്നും, വിദ്യാർഥികളുടെയും മറ്റ് അധ്യാപകരുടെയും മുന്നിൽവെച്ച് താക്കോൽ ഉപയോഗിച്ച് തല്ലിയെന്നുമാണ് വിദ്യാർത്ഥിയുടെ പരാതിയിലെ ആരോപണം.
എന്നാൽ, ഒരു വിദ്യാർഥിനിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. വിദ്യാർഥി മോശമായി സംസാരിച്ചത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ഇക്കാര്യം ചോദ്യം ചെയ്തു. തുടർന്ന് പ്രിൻസിപ്പലിനോട് പരാതി പറയാൻ പോയെങ്കിലും പ്രിൻസിപ്പലിനെ കാണാത്തതിനാൽ, സ്ഥലത്തുണ്ടായിരുന്ന ഹയർ സെക്കൻഡറി വിഭാഗത്തിലെ മറ്റ് അധ്യാപകരോട് കാര്യം പറയുന്നതിനിടെ വിദ്യാർഥി എത്തി അധ്യാപകനോട് കൈ ചൂണ്ടി കയർത്തു സംസാരിച്ചു. അധ്യാപകൻ കൈ തട്ടിമാറ്റിയതോടെ ഇരുവരും തമ്മിൽ കൈയ്യാങ്കളിയാവുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്.
സംഘർഷത്തിൽ ഇരുവർക്കും പരിക്കുണ്ടെങ്കിലും വിദ്യാർഥിയുടെ മൂക്കിനേറ്റ പരിക്ക് ഗുരുതരമാണ്. ഇവരെ ആദ്യം അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിദ്യാർഥി പിന്നീട് ജില്ലാ ആശുപത്രിയിൽ വിദഗ്ദ ചികിത്സ തേടി. സംഭവത്തിൽ അധ്യാപകനും വിദ്യാർഥിയും അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് ബുധനാഴ്ച വൈകിട്ടോടെ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലേക്ക് വരാൻ നിർദേശിച്ചെങ്കിലും അധ്യാപകൻ എത്തിയില്ല. വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് മറ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. കേസിൽ അറസ്റ്റ് നടപടികളിലേക്ക് ഉൾപ്പെടെ കടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
0 تعليقات