banner

അഷ്ടമുടിക്കായലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ച സംഭവം....!, അഭിജിത്തും ആദിത്യനും ഉൾപ്പെടെ ആറ് പേർ എത്തിയത് ക്ഷേത്ര ദർശനത്തിന്; അപകടമേഖലയെ സംബന്ധിച്ച നിർദ്ദേശഫലകങ്ങൾ സ്ഥാപിക്കാത്തത് ദുരന്തം ക്ഷണിക്കുന്നു; മുൻപും മരണങ്ങൾ നാല്


അഞ്ചാലുംമൂട് : അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലെ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. വാളത്തുംഗൽ ചേതന നഗർ തിട്ടയിൽ ആനന്ദഭവനത്തിൽ ബിജു–അജിത ദമ്പതികളുടെ മകൻ ആദിത്യൻ (19), തിട്ടയിൽ തെക്കതിൽ വീട്ടിൽ ബിജു–സിന്ധു ദമ്പതികളുടെ മകൻ അഭിജിത്ത് (17) എന്നിവരാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി രാവിലെ എട്ടു മണിക്ക് വീട്ടിൽനിന്നു പുറപ്പെട്ട സംഘം 10.30-ഓടെ ദർശനം പൂർത്തിയാക്കി. തുടർന്ന് കായലിന്റെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു. കൂട്ടത്തിലെ മറ്റു നാലു പേരും കരയിലേക്കു കയറിയെങ്കിലും ആദിത്യനും അഭിജിത്തും അടിയൊഴുക്കുള്ള ബോട്ട് ചാലിലേക്കു ഒഴുകിപ്പോയി. ഇവരെ രക്ഷിക്കാൻ വെള്ളത്തിലേക്കു ചാടിയ മറ്റൊരാളും ചാലിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ എറിഞ്ഞ് ഒരാളെ രക്ഷപ്പെടുത്തി. പിന്നീട് ആദിത്യനെയും അഭിജിത്തിനെയും കരയിലെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്നുള്ള സ്കൂബാ സംഘവും എത്തുന്നതിനു മുമ്പുതന്നെ രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു.

പ്ലസ്ടു പഠനം പൂർത്തിയാക്കിയ ആദിത്യൻ മാടൻനടയിലെ ഹെൽമറ്റ് കടയിലെ ജീവനക്കാരനായിരുന്നു. മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിയാണ് അഭിജിത്ത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത് സമീപവാസിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ സഹീർ, സഹോദരൻ സാജിദ്, അജീർ എന്നിവരാണ്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.

സുരക്ഷിതമല്ലാത്ത കായൽ: ആവർത്തിക്കുന്ന അപകടങ്ങൾ

ദക്ഷിണേന്ത്യയിലെ ഏക വീരഭദ്രസ്വാമി ക്ഷേത്രമായ അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിനടുത്തുള്ള സർക്കാർ ബോട്ട് ജെട്ടിയിലാണ് അപകടം. ഉരുൾ നേർച്ച മഹോത്സവത്തിനു മുന്നോടിയായി വിശ്വാസികൾ ഉരുൾ നേർച്ച വഴിപാടിന്റെ ഭാഗമായി മുങ്ങിക്കുളിക്കാറുള്ള കുളിക്കടവ് ക്ഷേത്രത്തിന് സമീപം കായലിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഉത്സവസമയത്ത് സംരക്ഷിതവേലികളും പൊലീസ്–അഗ്നിരക്ഷാസേനയുടെ സുരക്ഷാ സംവിധാനങ്ങളും കർശനമാണ്.

എന്നാൽ, ഉത്സവസമയം ഒഴിച്ചാൽ നാട്ടുകാർപോലും ഈ കുളിക്കടവിൽ ഇറങ്ങാറില്ലെന്നു പ്രദേശവാസികൾ പറയുന്നു. നിശ്ചിത സ്ഥലത്തുനിന്നു മാറിയാൽ അപകടഭീഷണി വളരെ കൂടുതലാണ്. പ്രദേശവാസികളും ക്ഷേത്ര അധികൃതരും കുളിക്കാൻ ഇറങ്ങരുതെന്നു സ്ഥിരമായി മുന്നറിയിപ്പു നൽകുന്നു. നാലിലധികം പേർ വിവിധ സംഭവങ്ങളിലായി ഇതേ പ്രദേശത്തു മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ബോട്ട് ജെട്ടിക്കു സമീപം കുട്ടികൾ പലപ്പോഴും കുളിക്കാൻ ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. വിലക്കി പറഞ്ഞയക്കുന്ന അവസ്ഥ പതിവാണെന്നും അപകടമുണ്ടായ ഞായറാഴ്ചയും കുട്ടികൾക്കു മുന്നറിയിപ്പു നൽകിയിരുന്നതായും സമീപവാസികൾ വ്യക്തമാക്കി. അപകടങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ഥിരമായ സുരക്ഷാസംവിധാനങ്ങളും കായലിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ഫലകങ്ങളും സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments