കൊല്ലം : ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ച് യുവാവ് കുത്തേറ്റ് മരിച്ചു. തഴുത്തല കിഴവൂർ സജീവ് മന്ദിരത്തിൽ സജീവിൻ്റെ മകൻ തേജസ് (18) ആണ് മരിച്ചത്.
മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി എട്ടോടെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചയ്ക്കിടെ ഫ്ലോട്ടിനൊപ്പമെത്തിയ സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഇതിനിടെയാണ് തേജസിന് കുത്തേറ്റത്.
സംഭവത്തിൽ മുഖത്തല കിഴവൂർ കോടംവിള വീട്ടിൽ ആദിത്യൻ (18), കിഴവൂർ മാളു ഭവനത്തിൽ ബിനു (26), കിഴവൂർ കാളാങ്കര പുത്തൻവീട്ടിൽ പ്രജിത്ത് (27), വെളിച്ചക്കാല പ്ലാച്ചി പൊയ്ക വീട്ടിൽ അഖിൽരാജ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ഹേമലതയുടെ നിർദ്ദേശപ്രകാരം എസ്.സി.പി അനുരൂപ്, എസ്.എച്ച്.ഒ അജിത് കുമാർ, എസ്.ഐ സൗരവ് പങ്കെടുത്ത സംഘം ഞായറാഴ്ച പുലർച്ചെ കണ്ണനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടി.

0 تعليقات