banner

തൃക്കരുവയിൽ വീണ്ടും കനത്ത മഴമറയാക്കി വയൽ നികത്തൽ; വില്ലേജ് ഓഫീസറുടെ ഒത്തുകളിയെന്ന് ഗുരുതര ആരോപണം, നാട്ടുകാർ പ്രതിഷേധത്തിൽ


അഞ്ചാലുംമൂട് : തൃക്കരുവ പഞ്ചായത്തിലെ മുളയ്ക്കവയൽ പ്രദേശത്ത് ഡാറ്റാബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങൾ ഉൾപ്പെടെ ഭൂമാഫിയ മതിൽ കെട്ടി മണ്ണിട്ട് നികത്തുന്നതായി കഴിഞ്ഞ മാർച്ച് 31-ന് അഷ്ടമുടി ലൈവ് വാർത്ത പുറത്തുവിട്ടിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കാലം മറയാക്കിയായിരുന്നു നികത്തലെങ്കിൽ, ഇപ്പോൾ പ്രദേശത്ത് പെയ്യുന്ന കനത്ത മഴയുടെ മറവിലാണ് മുളയ്ക്കവയൽ കല്ലേലിക്കുളത്തിന്റെ ഭാഗമായ പാടശേഖരം ഭൂമാഫിയ സംഘം വീണ്ടും വ്യാപകമായി മണ്ണിട്ട് നികത്തുന്നത്. മാസങ്ങൾക്ക് മുൻപ് അഷ്ടമുടി ലൈവ് വാർത്തയിലൂടെ ഈ നിയമലംഘനം പുറത്തുകൊണ്ടുവരികയും നാട്ടുകാർ കൃത്യമായ വിവരങ്ങൾ സഹിതം പരാതി നൽകുകയും ചെയ്തിട്ടും, തൃക്കരുവ വില്ലേജ് ഓഫീസറും ബന്ധപ്പെട്ട വകുപ്പുകളും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റകരമായ അനാസ്ഥ തുടരുന്നതാണ് ഭൂമാഫിയയ്ക്ക് ഇപ്പോൾ വീണ്ടും തണ്ണീർത്തടം നികത്താൻ തുണയാകുന്നത്.

​വില്ലേജ് അധികൃതരുടെ ഈ നിസ്സംഗതയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഇരമ്പുകയാണ്. കനത്ത മഴയുള്ള സമയങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തില്ലെന്ന ഉറപ്പിലാണ് മാഫിയാ സംഘം മണ്ണടിക്കുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടി നാട്ടുകാർ വിളിച്ചറിയിച്ചിട്ടും സ്ഥലത്തെത്താനോ നിർമ്മാണ പ്രവർത്തനങ്ങൾ തടയാനോ വില്ലേജ് ഓഫീസർ തയ്യാറായിട്ടില്ല. ജനുവരിയിൽ അഷ്ടമുടി ലൈവ് വാർത്ത നൽകിയപ്പോഴും തുടർന്ന് പരാതികൾ നൽകിയപ്പോഴും സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിക്കുന്നതിലോ കർശനമായ തുടർനടപടികൾ സ്വീകരിക്കുന്നതിലോ വില്ലേജ് ഓഫീസർ കാട്ടിയ വീഴ്ചയാണ് ഭൂമാഫിയയ്ക്ക് വീണ്ടും തണ്ണീർത്തടങ്ങൾ നശിപ്പിക്കാൻ ധൈര്യം നൽകിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വില്ലേജ് അധികൃതരും ഭൂമാഫിയയും തമ്മിൽ വൻ ഒത്തുകളിയുണ്ടെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

​ഭാവിയിൽ വലിയ വിലയ്ക്ക് വിൽക്കാനുള്ള പ്ലോട്ടുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഈ നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നത്. ഒരുകാലത്ത് ജില്ലയിലെ തന്നെ പ്രധാന കാർഷിക മേഖലയായിരുന്ന മുളയ്ക്കവയൽ പ്രദേശം ഇതോടെ പൂർണ്ണമായും നശിപ്പിക്കപ്പെടുകയാണ്. കല്ലേലിക്കുളത്തിന്റെ ഭാഗങ്ങൾ കൂടി മണ്ണിട്ട് മൂടുന്നതോടെ പ്രദേശത്തെ സ്വാഭാവിക ജലയൊഴുക്ക് തടസ്സപ്പെടുകയും, ഇത് സമീപത്തെ കുടിവെള്ള സ്രോതസ്സുകളായ കിണറുകൾ വറ്റുന്നതിനും വരും ദിവസങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമത്തിനും കാരണമാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വില്ലേജ് ഓഫീസിന് മുന്നിൽ ശക്തമായ ജനകീയ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കളക്ടർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി നൽകാനും നാട്ടുകാർ ഒരുങ്ങുകയാണ്.

إرسال تعليق

0 تعليقات