banner

മുന്നണിയിലെ പടലപിണക്കങ്ങൾ വിനയായി...!, യു.ഡി.എഫ് തരംഗത്തിലും പുനലൂർ കോട്ട കാത്ത് അജയ പ്രസാദ്


പുനലൂർ : കേരളമാകെ യു.ഡി.എഫ് കാറ്റ് വീശിയടിച്ചപ്പോഴും ഇടതുകോട്ടകൾ ഓരോന്നായി തകർന്നുവീണപ്പോഴും കുലുങ്ങാതെ ചുവന്നുതന്നെ നിന്ന മണ്ഡലമായി പുനലൂർ മാറി. സി.പി.ഐ സ്ഥാനാർത്ഥി സി. അജയ പ്രസാദ് നേടിയ 21,529 വോട്ടുകളുടെ ഉജ്ജ്വല വിജയം വെറുമൊരു തിരഞ്ഞെടുപ്പ് വിജയമല്ല, മറിച്ച് പുനലൂരിന്റെ മണ്ണിൽ സി.പി.ഐ എന്ന പ്രസ്ഥാനത്തിനുള്ള ആഴത്തിലുള്ള വേരോട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. അയൽ മണ്ഡലങ്ങളായ പത്തനാപുരത്തും ചവറയിലും കുണ്ടറയിലുമെല്ലാം പ്രമുഖർ വീണപ്പോൾ, അജയ പ്രസാദിലൂടെ പുനലൂർ തന്റെ വിപ്ലവ പാരമ്പര്യം കാത്തുസൂക്ഷിച്ചു. 

പുനലൂരിലെ സി.പി.ഐയുടെ ചരിത്രം വിജയങ്ങളുടെ തുടർച്ചയാണ്. 2011-ൽ അഡ്വ. കെ. രാജു പതിനെണ്ണായിരത്തോളം വോട്ടുകൾക്ക് വിജയിച്ചുകൊണ്ട് തുടങ്ങിയ മുന്നേറ്റം ഓരോ തിരഞ്ഞെടുപ്പിലും കരുത്താർജ്ജിക്കുന്നതാണ് കേരളം കണ്ടത്. 2016-ൽ എത്തിയപ്പോൾ കെ. രാജു തന്നെ തന്റെ ഭൂരിപക്ഷം 33,582 ആയി ഉയർത്തി. എന്നാൽ 2021-ൽ പി.എസ്. സുപാൽ പുനലൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം കുറിച്ചുകൊണ്ട് (37,057 വോട്ടുകൾ) സി.പി.ഐയുടെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ചു. തോട്ടം തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ മണ്ഡലത്തിൽ പാർട്ടിയുമായുള്ള ജനങ്ങളുടെ ആത്മബന്ധമാണ് ഇത്തരം വമ്പൻ ഭൂരിപക്ഷങ്ങൾക്ക് ആധാരമായത്.

സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല തരംഗം ദൃശ്യമായിട്ടും പുനലൂരിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി നൗഷാദ് യൂനുസിന് കാലിടറിയത് മുന്നണിയിലെ പാളിച്ചകൾ മൂലമാണെന്ന ആക്ഷേപം ശക്തമാണ്. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രാദേശിക കോൺഗ്രസ് - ലീഗ് നേതൃത്വങ്ങൾക്കിടയിൽ നിലനിന്നിരുന്ന പടലപിണക്കങ്ങൾ വോട്ടെടുപ്പിലും പ്രതിഫലിച്ചു. കോൺഗ്രസിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന പ്രാദേശിക നേതൃത്വത്തിൻ്റെ വാശിയും ചിലർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തുനിഞ്ഞതും വിനയായി.  മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥി എന്ന ലേബൽ നൗഷാദ് യൂനുസിന് പ്രതികൂലമായി ബാധിച്ചപ്പോൾ, അത് കൃത്യമായി ഉപയോഗിക്കാൻ ഇടതുമുന്നണിക്കായി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ യു.ഡി.എഫ് ക്യാമ്പിലുണ്ടായ ആശയക്കുഴപ്പങ്ങളും ഏകോപനമില്ലായ്മയും അജയ പ്രസാദിന് കാര്യങ്ങൾ എളുപ്പമാക്കി.

സി.പി.ഐയുടെ ഈ വിജയം പത്തനാപുരത്തെയും കൊല്ലത്തെയും ഇടതുപക്ഷ പ്രവർത്തകർക്ക് വലിയൊരു പാഠമാണ് നൽകുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്നും ജനങ്ങളുമായുള്ള ബന്ധം എങ്ങനെ നിലനിർത്തണമെന്നും പുനലൂർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ജില്ലയിൽ യു.ഡി.എഫ് മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുമ്പോൾ, നിയമസഭയിലെ കരുത്തുറ്റ പ്രതിപക്ഷ സ്വരമായി സി. അജയ പ്രസാദ് പുനലൂരിനെ പ്രതിനിധീകരിക്കും.
അജയ പ്രസാദിലൂടെ പുനലൂർ കാത്തുസൂക്ഷിച്ച ഈ ചുവപ്പ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഇടതുമുന്നണിക്ക് പുതിയൊരു ഊർജ്ജം നൽകുമെന്നുറപ്പാണ്. യു.ഡി.എഫിന്റെ വീഴ്ചകളും ആഭ്യന്തര തർക്കങ്ങളും എങ്ങനെ ഒരു മണ്ഡലത്തിന്റെ വിധിയെഴുത്തിനെ ബാധിക്കുമെന്നതിന്റെ ഉദാഹരണമായി പുനലൂർ ചരിത്രത്തിൽ ഇടംപിടിക്കുന്നു.

إرسال تعليق

0 تعليقات