ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സർക്കാർ രൂപീകരണത്തിൽ വിജയുടെ ടിവികെ കടുത്ത പ്രതിസന്ധി നേരിടുന്നു. കേവല ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചു. മതിയായ പിന്തുണ ഉറപ്പാക്കുന്ന രേഖകൾ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടക്കാനാവൂ എന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
234 അംഗ സഭയിൽ 108 സീറ്റുകളാണ് ടിവികെയ്ക്കുള്ളത്. അധികാരത്തിലെത്താൻ 10 സീറ്റുകളുടെ കൂടി പിന്തുണയാണ് വിജയിക്ക് ആവശ്യമായിരുന്നത്. ഇതിനിടെ അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ആകെ അംഗബലം 113 മാത്രമായി. സർക്കാർ രൂപീകരിക്കാൻ ആറ് എംഎൽഎമാരുടെ പിന്തുണ കൂടി ഇനിയും ആവശ്യമാണ്. കോൺഗ്രസിനെ കൂടാതെ സ്വതന്ത്രരോ മറ്റ് ചെറിയ പാർട്ടികളോ വിജയിക്കൊപ്പം ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വർഗീയ ശക്തികളെ സഖ്യത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ നൽകിയത്. എന്നാൽ, ഡിഎംകെയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് ഇപ്പോൾ ടിവികെയെ പിന്തുണയ്ക്കുന്നത് ജനങ്ങളെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് ഡിഎംകെ നേതൃത്വം കുറ്റപ്പെടുത്തി. ഭൂരിപക്ഷം തികയ്ക്കാൻ വിജയ് ഇനിയാരെ കൂട്ടുപിടിക്കുമെന്ന ആകാംക്ഷയിലാണ് തമിഴ് രാഷ്ട്രീയം.
.jpg)
0 تعليقات