banner

വെള്ളിമണ്ണിൽ നിർമ്മാണത്തിലിരുന്ന കിണറ്റിൽ ചെളിയിടിഞ്ഞു വീണു...!, ഉള്ളിലകപ്പെട്ട തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി


കുണ്ടറ : വെള്ളിമണ്ണിൽ നിർമ്മാണത്തിലിരുന്ന കിണറ്റിൽ ചെളിയിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കണ്ണനല്ലൂർ വടക്കേമുക്ക് ചതുരവിള വീട്ടിൽ ദാവൂദ് (40) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.45 ഓടെ വെള്ളിമണ്ണിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു സംഭവം.

ദിവസങ്ങളായി ഇവിടെ കിണർ നിർമ്മാണം നടന്നുവരികയായിരുന്നു. 120 അടിയോളം താഴ്ചയിൽ റിംഗിറക്കി ആഴം കൂട്ടുന്നതിനിടെ ദാവൂദിന്റെ ദേഹത്തേക്ക് മുകളിൽ നിന്നും ചെളി ഇടിഞ്ഞു വീഴുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി കിണറ്റിലിറങ്ങി ചെളി നീക്കം ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ കുണ്ടറ ഫയർഫോഴ്സ് സംഘം വലയിറക്കി ദാവൂദിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കുണ്ടറ ഫയർ സ്റ്റേഷൻ ഓഫീസർ ദിലീപ്കുമാർ, അസി. സ്റ്റേഷൻ ഓഫീസർ ആർ. പ്രസേന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ജില്ലാ ഫയർ ഓഫീസർ രാംകുമാറും സ്ഥലം സന്ദർശിച്ചു.

إرسال تعليق

0 تعليقات