banner

കർണാടകയിൽ ഡി.കെ. ശിവകുമാർ യുഗം; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, സിദ്ധരാമയ്യ എ.ഐ.സി.സി പ്രവർത്തക സമിതിയിലേക്ക്


​ബംഗളൂരു : ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്ഥാനമൊഴിഞ്ഞ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ ഇന്നലെ എ.ഐ.സി.സി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർണായകമായ ഈ അധികാരക്കൈമാറ്റം സാധ്യമാക്കിയത്. മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യേണ്ട 13 പേരുടെ പട്ടികയ്ക്കും ഇന്നലെ ഹൈക്കമാൻഡ് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്.

​മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ തുടങ്ങിയ പ്രമുഖരും ഇന്ന് ഡി.കെ. ശിവകുമാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടക മന്ത്രിസഭ കൂടുതൽ വിപുലീകരിക്കാനാണ് പാർട്ടി തീരുമാനം. നേരത്തെ 135 എം.എൽ.എമാരിൽ 108 പേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കൊപ്പമായിരുന്നു. വെറും 27 എം.എൽ.എമാരുടെ പിന്തുണ മാത്രമുണ്ടായിരുന്ന ഡി.കെ. ശിവകുമാറിലേക്ക് അധികാരം എത്തിക്കാൻ ഹൈക്കമാൻഡിന് ചില കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. കേരള മോഡലിൽ മുഖ്യമന്ത്രി പദം പങ്കിടുന്ന രീതി കർണാടകയിലും നടപ്പിലാക്കുക വഴി പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.

​2028-ലാണ് കർണാടകയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 80 വയസ്സുകാരനായ സിദ്ധരാമയ്യയുമായി അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനേക്കാൾ, അദ്ദേഹത്തെക്കാൾ 14 വയസ്സ് കുറവുള്ള ഊർജ്ജസ്വലനായ ഡി.കെ. ശിവകുമാർ പാർട്ടിയെ നയിക്കട്ടെ എന്നാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഡി.കെ. ശിവകുമാർ കർണാടകയുടെ അമരത്തേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്.

إرسال تعليق

0 تعليقات