തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തേക്ക് മാറിയ എൽ.ഡി.എഫിലെ പ്രമുഖ കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നു. ഉപനേതാവ് സ്ഥാനത്തിനു വേണ്ടിയുള്ള സി.പി.ഐയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം. പ്രതിപക്ഷനേതാവും ഉപനേതാവും സി.പി.എമ്മിൽനിന്ന് തന്നെയാകുന്നതാണ് മുൻകാല കീഴ്‌വഴക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഈ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കാൻ പറ്റുന്നതേയുള്ളൂവെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, തങ്ങളുടെ ആവശ്യത്തിൽനിന്ന് ഒരടി പോലും പിൻവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. വിഷയം പരസ്യമായ സാഹചര്യത്തിൽ ഇനി മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന അഭിപ്രായം പോലും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് എൽ.ഡി.എഫിലെ ഭിന്നത കൂടുതൽ വഷളാക്കുമെന്നതിനാൽ ആലോചിച്ചുമാത്രമേ തീരുമാനമെടുക്കാവൂ എന്ന് വാദിക്കുന്നവരും പാർട്ടിക്കുള്ളിലുണ്ട്. കൂടുതൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ അടിയന്തരമായി യോഗം ചേരും.
സി.പി.എം - സി.പി.ഐ തർക്കം കടുത്തതോടെ സംയുക്ത നിയമസഭാകക്ഷിയോഗം പോലും വിളിക്കാൻ കഴിയാത്ത വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ എൽ.ഡി.എഫ് മുന്നണി. കഴിഞ്ഞദിവസം സി.പി.എം നിയമസഭാകക്ഷി യോഗം മാത്രമാണ് ചേർന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് സി.പി.ഐ രേഖാമൂലം സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. നാളെ തൽക്കാലത്തേക്ക് പിരിയുന്ന സഭ പിന്നീട് ബജറ്റ് സമ്മേളനത്തിനായാണ് ചേരുന്നത്. ഈ ഇടവേളയിൽ ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ഇരുപാർട്ടികളും ശ്രമിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

0 تعليقات