വാഴയില ചോദിച്ചു, മോഷണത്തിന് ശേഷം വൃദ്ധയുടെ കാലുകൾ വന്ദിച്ചു; പന്തളത്ത് വ്യത്യസ്തമായ കവർച്ച രീതി.

Table of Contents
പന്തളം : കടയ്ക്കാട് വടക്ക് പനാറയിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ശാന്തകുമാരി (72)യുടെ വീട്ടിലാണു മോഷണം നടന്നത്.ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. പന്തളത്ത് ക്ഷേത്രത്തിൽ സദ്യയ്ക്കായി വാഴയില വേണമെന്നാവശ്യപ്പെട്ടാണു മോഷ്ടാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. 

ഇല വെട്ടാൻ കത്തി യെടുത്തു നല്കാനായി വീടിനുള്ളിലേക്കു കയറിയ വൃദ്ധയുടെ പിന്നാലെ ഇരുവരും വീട്ടിനുള്ളിലെത്തി കുടിയ്ക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്നു വൃദ്ധയെ പിടികൂടി കൈകൾ ബന്ധിക്കുകയും തോർത്തുപയോഗിച്ചു വായ മൂടിക്കെട്ടുകയും ചെയ്തു. മുക്കാൽ പവൻ വീതമുള്ള മൂന്നു വളകൾ, കമ്മൽ, മോതിരം ഉൾപ്പെടെയുള്ള നാലു പവൻ സ്വർണ്ണാഭരണങ്ങൾ ഊരി വാങ്ങി. തുടർന്ന് അലമാരയുടെ താക്കോൽ കൈക്കലാക്കി അതിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയും കവർന്നു.

തന്നെ ഉപദ്രവിക്കരുതെന്നു ശാന്തകുമാരി മോഷ്ടാക്കളോട് അപേക്ഷിച്ചതിനേത്തുടർന്നു കവർച്ചക്കാർ കെട്ടഴിച്ചു വിട്ടു. 1000 രൂപ തിരിച്ചു നല്കിയ മോഷ്ടാക്കളിലൊരാൾ ശാന്തകുമാരിയുടെ കാലിൽ തൊട്ടു നമസ്കരിക്കുകയും ചെയ്തു.ശാന്തകുമാരി ചെങ്ങന്നൂരിലും ചാരുംമൂട്ടിലുള്ള മക്കളെ വിവരമറിയിച്ചു. അവർ അറിയിച്ചതിനെ തുടർന്നു പന്തളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

Post a Comment