banner

അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേക്കെതിരെ കെ.എസ്.ഇ.ബി നോട്ടീസ്...!, കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസ് നോട്ടീസ് നൽകിയത് അനധികൃതമായി ജനറേറ്റർ സ്ഥാപിച്ചതിന്, തെളിഞ്ഞാൽ വൈദ്യുതി വിശ്ചേദിക്കും, പിഴയായി അടക്കേണ്ടി വരിക ഒരുലക്ഷം വരെ, വീണ്ടും കുരുക്ക് - Exclusive

Published from Blogger Prime Android App
പ്രത്യേക ലേഖകൻ 
അഞ്ചാലുംമൂട് : അനധികൃതമായി ജനറേറ്റർ സ്ഥാപിച്ചെന്ന പരാതിയിൽ അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേക്കെതിരെ കെ.എസ്.ഇ.ബി നോട്ടീസ്. സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കെഎസ്ഇബി കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസ് ആണ് ഇൻസ്പെക്ഷൻ നടത്തി നോട്ടീസ് നൽകിയത്. 15 കെ.ഡബ്ല്യു-വിൽ കൂടുതലുള്ള ജനറേറ്ററുകൾക്ക് പ്രത്യേക അനുമതി വേണമെന്നിരിക്കെ 62 കെ.ഡബ്ല്യു-വിൽ കൂടുതലുള്ള ജനറേറ്റർ ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിവരം. അടുത്ത 15 ദിവസത്തിനുള്ളിൽ അനുമതിപത്രം കൈവശമുണ്ടെങ്കിൽ സെക്ഷൻ ഓഫീസിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം വൈദ്യുതി വിശ്ചേദിക്കുകയും പിഴ അടക്കമുള്ള ശിക്ഷാനടപടികളിലേക്ക് കടക്കുകയും ചെയ്യും എന്നാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ അനൗദ്യോഗികമായി സൂചിപ്പിക്കുന്നത്. 
 
ജനറേറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ
- കെഎസ്ഇബിയിൽ നിന്ന് മുൻകൂർ അനുമതി ലഭിക്കണം.
- 415/240 വോൾട്ട്, 3-ഫേസ്/1-ഫേസ്, 50 ഹെർട്സ് ആവൃത്തി പിന്തുടരുക.
- എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ, ഓവർ/അണ്ടർ വോൾട്ടേജ് പ്രൊട്ടക്ഷൻ, ഗ്രൗണ്ടിംഗ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ പിന്തുടരണം.
- അപേക്ഷാ ഫീസും (₹500-₹2,000) പരിശോധന/കണക്ഷൻ ചാർജുകളും അടയ്ക്കുക.
- മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട അതോറിറ്റി സാക്ഷ്യപ്പെടുത്തണം. (62 kW ന് മുകളിലുള്ള ജനറേറ്ററുകൾക്ക്)
- ക്ലാസ് - എ ലൈസൻസുള്ള കരാറുകാരന് മാത്രമേ കെഎസ്ഇബി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഇവ സ്ഥാപിക്കാൻ അനുവാദമുള്ളൂ.
- അനധികൃത ജനറേറ്ററുകൾ സ്ഥാപിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വൈദ്യുതി വിച്ഛേദിക്കാനും കെഎസ്ഇബിക്ക് അധികാരം ഉണ്ട്.

നടപടി സ്വീകരിക്കും...
നിലവിൽ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സ്ഥാപന ഉടമയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ നടപടികളുമായി കെഎസ്ഇബി മുന്നോട്ടു പോകും. ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാനും വൈദ്യുതി വിച്ഛേദിക്കാനും വകുപ്പിന് അധികാരമുണ്ട്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ
കാഞ്ഞിരംകുഴി സെക്ഷൻ ഓഫീസ്

അതേ സമയം, നേരത്തെ തന്നെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതിനും കായൽ നികത്തിയെടുത്തതിനും വിവാദത്തിൽപ്പെട്ട സ്ഥാപനമാണ് ആശിർവാദ് ഹോം സ്റ്റേ. ആശിർവാദിന് അനധികൃതമായി ലൈസൻസ് നൽകിയ മുൻ തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹന് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നിരുന്നു. അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ നില്ക്കുന്ന പ്രദേശത്ത് കായൽ നികത്തുഭൂമിയുണ്ടെന്ന് വില്ലേജ് ഓഫീസർ തഹസിൽദാർ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത് അഷ്ടമുടി ലൈവിന്റെ നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആയിരുന്നു. ജെർമൻ മലയാളിയായ പനയം വില്ലേജിൽ ചിറ്റേത്തു ചേരിയിൽ ചാങ്കുവിളയിൽ പത്രോസ് മകൾ സ്റ്റെല്ല പത്രോസ് ഇവരുടെ മക്കളായ ഷെർഷ് പത്രോസ് സാഗർ പത്രോസ് തുടങ്ങിയവരുടെ പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്താണ് അഷ്ടമുടി കായലിലേക്ക് കയ്യേറ്റമുള്ളതായിട്ടാണ് തൃക്കരുവ വില്ലേജ് ഓഫീസർ തഹസീൽദാർ സമക്ഷം സമർപ്പിച്ച റിപ്പോർട്ടിൽ അന്ന് സാക്ഷ്യപ്പെടുത്തിയത്

Post a Comment

0 Comments