banner

ശാസ്താംകോട്ട തടാകക്കരയിൽ ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി...!, 19-കാരിയെ കാറിൽ കയറ്റിയ ശേഷം യുവാവിനോട് നടന്നുവരാൻ പറഞ്ഞു, അഞ്ചാലുംമൂട് കടവൂർ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ

Published from Blogger Prime Android App
പ്രത്യേക ലേഖകൻ 
കൊല്ലം : ശാസ്താംകോട്ട തടാകത്തിന് സമീപം ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ പോലീസ് ചമഞ്ഞ യുവാവ് കാറിൽ തട്ടിക്കൊണ്ടുപോയി. ശാസ്താംകോട്ട പോലീസും പിങ്ക് പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. കൊല്ലം പെരിനാട് കടവൂർ ലാൽമന്ദിരത്തിൽ വിഷ്ണുലാൽ (34) ആണ് അറസ്റ്റിലായത്. സുഗന്ധവ്യഞ്ജനത്തൈ വ്യാപാരിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോയി പലയിടത്തും കറങ്ങിയശേഷം യുവതിയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് മലപ്പുറം സ്വദേശിയായ യുവാവും കൊല്ലം സ്വദേശിനിയായ പത്തൊൻപതുകാരിയും പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ശാസ്താംകോട്ട തടാകക്കരയിൽ കണ്ടുമുട്ടുകയും സംസാരിച്ചിരിക്കുകയുമായിരുന്നു. ഇവിടേക്ക് പ്രതിയായ വിഷ്ണുലാൽ എത്തി പോലീസാണെന്നു പരിചയപ്പെടുത്തി ആധാർ കാർഡ് ആവശ്യപ്പെട്ടു. ആധാർ കാർഡ് നോക്കിയ ശേഷം യുവാവിനോട് പോലീസ് ഭാവത്തിൽ സമീപത്തുള്ള ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. തുടർന്ന് യുവതിയെ സ്റ്റേഷനിലേക്കാണെന്നു പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോവുകയും യുവാവിനോട് നടന്നുവരാൻ പറയുകയുമായിരുന്നു. 

ഇത് വിശ്വസിച്ച യുവാവ് സ്റ്റേഷനിലെത്തിയെങ്കിലും യുവതിയേയും വിഷ്ണു ലാലിനേയും സ്റ്റേഷനിൽ കാണാതായതോടെ വിവരം പോലീസിനെ അറിയിച്ചു. വണ്ടി കണ്ടെത്താൻ പോലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു. കാക്കി കാലുറ ധരിച്ച ഒരാൾ രാവിലെമുതൽ തടാകതീരത്ത് ഉണ്ടായിരുന്നെന്നും അയാൾ പിങ്ക് പോലീസുമായി സംസാരിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. തുടർന്ന് പിങ്ക്‌ പോലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി ഭരണിക്കാവ് ജങ്ഷനിൽവെച്ച് പിടികൂടുകയായിരുന്നു.

പലയിടത്തും കാറിൽ കറങ്ങിയശേഷം കടപുഴ പാലത്തിനു സമീപം കിഴക്കേ കല്ലട ഭാഗത്ത് യുവതിയെ ഇറക്കിവിട്ടതായി ചോദ്യംചെയ്തപ്പോൾ പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ. ആർ.രാജേഷ്, എസ്.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് യുവതിയുടെ വീട്ടിലെത്തി അവിടെ എത്തിയെന്ന് ഉറപ്പിച്ചു. പാരാമെഡിക്കൽ കോഴ്‌സ് വിദ്യാർഥിനിയാണ് യുവതി. ദേഹോപദ്രവം ഏൽപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിഷ്ണുലാലിന്റെ പേരിൽ കേസെടുത്തു.

പൊതുപ്രവർത്തകൻ എന്ന്‌ പരിചയപ്പെടുത്തി തടാകതീരത്തെ ആശാസ്യമല്ലാത്ത പ്രവൃത്തികളെപ്പറ്റി വിഷ്ണുലാൽ പലവട്ടം പിങ്ക് പോലീസിനെ അറിയിച്ചിരുന്നതായും അതിനാലാണ് പെട്ടെന്ന് അയാളെ കുടുക്കാൻ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു. തടാകതീരത്ത് നിരീക്ഷണം കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments