banner

പുറ്റിങ്ങൽ വെടിക്കെട്ടപകടം: പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കേസ് 28ന് വീണ്ടും പരിഗണിക്കും


കൊല്ലം : പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മത്സരക്കമ്പവുമായി ബന്ധപ്പെട്ട സ്ഫോടനക്കേസിൽ മുപ്പതാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി വാറണ്ട് പുറപ്പെടുവിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.സി ആൻ്റണി തുടർ നടപടികൾക്കായി കേസ് ഈ മാസം 28-ലേക്ക് മാറ്റി. 

2016 ഏപ്രിലിൽ നടന്ന സ്ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും 358 വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. 2 കോടി 58 ലക്ഷം രൂപയുടെ നഷ്ടവും കെ.എസ്.ഇ.ബിക്ക് 89,000 രൂപയുടെ നഷ്ടവും സംഭവിച്ചതായും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആകെ 59 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 15 പേർ ഇതിനോടകം മരണപ്പെട്ടതായി കോടതി രേഖപ്പെടുത്തി. മുപ്പതാം പ്രതിയായ അടൂർ ഏറത്ത് വില്ലേജിൽ രാജ്ഭവൻ വീട്ടിൽ അനുരാജ് (അനു) ഹാജരാകാത്ത സാഹചര്യത്തിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചത്.

കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതിഭാഗം അഭിഭാഷകൻ സാക്ഷിമൊഴികൾ, രേഖകൾ, തൊണ്ടിവസ്തുക്കൾ എന്നിവയുടെ വിശദമായ പട്ടിക ആവശ്യപ്പെട്ട് ആക്ഷേപം ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് വിരമിച്ചവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായതിനാൽ നൂറുകണക്കിന് വോളിയം രേഖകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ സാവകാശം ആവശ്യപ്പെട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അന്വേഷണത്തിൽ 1,417 സാക്ഷിമൊഴികളും 1,611 രേഖകളും 376 തൊണ്ടിവസ്തുക്കളും തെളിവായി സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കാത്തതും വിചാരണയിൽ ആശ്രയിക്കാത്തതുമായ രേഖകൾ പ്രത്യേകം തിട്ടപ്പെടുത്തി സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കേസ് ഈ മാസം 28-ന് വീണ്ടും പരിഗണിക്കും.

Post a Comment

0 Comments