കൊല്ലം : സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) 2026ന്റെ ഭാഗമായി ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടർ എൻ. ദേവീദാസ് ഐ.എ.എസ് അറിയിച്ചു. പുതുക്കിയ പട്ടിക പ്രകാരം ജില്ലയിൽ ആകെ 20,76,671 വോട്ടർമാരാണുള്ളത്. ഇതിൽ 9,92,443 പുരുഷ വോട്ടർമാരും 10,84,207 സ്ത്രീ വോട്ടർമാരും 21 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്. 18-19 വയസ് പ്രായമുള്ള 24,850 യുവ വോട്ടർമാരും 85 വയസിന് മുകളിലുള്ള 16,079 മുതിർന്ന പൗരന്മാരും 18,886 ഭിന്നശേഷിക്കാരും വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ 6,816 ഓവർസീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടതായി കളക്ടർ വ്യക്തമാക്കി. കളക്ടറേറ്റിലെ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്.
ഡിസംബർ 23 മുതൽ ജനുവരി 30 വരെ ക്ലെയിംസും ഒബ്ജക്ഷനുകളും സ്വീകരിച്ചു. ഈ കാലയളവിൽ ജില്ലയിൽ ആകെ 96,432 അപേക്ഷകളും എതിർപ്പുകളും ലഭിച്ചു. ഇതിൽ 96,424 കേസുകൾ തീർപ്പാക്കി. എട്ട് കേസുകൾ പരിഗണനയിൽ തുടരുന്നു. 8,445 അപേക്ഷകൾ തള്ളുകയും 87,979 അപേക്ഷകൾ അംഗീകരിച്ച് പട്ടികയിൽ പുതുക്കി ഉൾപ്പെടുത്തുകയും ചെയ്തു.
പെൻഡിംഗായി തുടരുന്ന എട്ട് അപേക്ഷകളെക്കുറിച്ച് വിശദീകരിച്ച കളക്ടർ, നിലവിലെ വ്യവസ്ഥപ്രകാരം 17 വയസ് പൂർത്തിയായവർക്ക് മുൻകൂർ അപേക്ഷ സമർപ്പിക്കാമെങ്കിലും 18 വയസ് പൂർത്തിയായ ശേഷമേ ഹിയറിംഗ് നടത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനാകൂ എന്ന് വ്യക്തമാക്കി. നിലവിൽ പരിഗണനയിൽ തുടരുന്നവ 17 വയസ്സുള്ള അപേക്ഷകരുടേതാണെന്നും അദ്ദേഹം പറഞ്ഞു.
കരട് വോട്ടർ പട്ടികയിൽ 19,83,885 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 9,46,604 പുരുഷ വോട്ടർമാരും 10,37,263 സ്ത്രീ വോട്ടർമാരും 18 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ടായിരുന്നു. 2002 ലെ പട്ടികയുമായി പൊരുത്തപ്പെടുത്താൻ സാധിക്കാത്ത 1,53,927 പേരുടെയും വിവരങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയ 98,795 കേസുകളുടെയും ഹിയറിംഗ് നടത്തി. ആകെ 2,52,722 കേസുകളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ 2,48,976 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. മരണം, ഒരേ വ്യക്തിയുടെ പേര് ഒന്നിലധികം ഇടങ്ങളിൽ ഉൾപ്പെട്ടത്, വിദേശത്ത് സ്ഥിരതാമസം, വിദേശ പൗരത്വം നേടിയതു തുടങ്ങിയ കാരണങ്ങളാൽ 3,746 പേരെ ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.
![]() |
| കളക്ട്രേറ്റിലെ ഔദ്യോഗിക ചേമ്പറിൽ ജില്ലാ കലക്ടർ എൻ ദേവീദാസ് ഐ.എ.എസ് മാധ്യമങ്ങളെ കാണുന്നു |
കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ 21,44,527 വോട്ടർമാരുണ്ടായിരുന്നു. എൻമെറേഷൻ ഘട്ടത്തിൽ 1,60,642 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിൽ 49,283 പേർ മരണപ്പെട്ടവരും 39,667 പേർ കണ്ടെത്താനാകാത്തവരോ ഹാജരാകാത്തവരോ ആയിരുന്നു. 54,089 പേർ സ്ഥിരമായി താമസസ്ഥലം മാറിയവരും 10,432 പേർ മറ്റിടങ്ങളിൽ ഇതിനകം വോട്ടറായി ഉൾപ്പെട്ടവരുമായിരുന്നു. 7,171 പേർ മറ്റ് കാരണങ്ങളാലും ഒഴിവാക്കപ്പെട്ടു.
സ്പെഷ്യൽ ഇൻറൻസീവ് റിവിഷനുമായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ.) , അസിസ്റ്റന്റ് ഇ.ആർ.ഒ, അഡീഷണൽ എ.ഇ.ആർ.ഒ, ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) തുടങ്ങിയവർ ഉൾപ്പെടെ ബന്ധപ്പെട്ട ചുമതലകൾ നിർവഹിച്ച എല്ലാ ഉദ്യോഗസ്ഥരും പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയതെന്ന് കളക്ടർ പറഞ്ഞു. അന്തിമ പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധപ്പെട്ട ഓഫീസർമാർ മുഖേന കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
നിയോജകമണ്ഡലം അടിസ്ഥാനത്തിൽ തീർപ്പാക്കിയതും തള്ളിയതുമായ അപേക്ഷകളുടെ കണക്കുകൾ ഇങ്ങനെ:
കരുനാഗപ്പള്ളി മണ്ഡലത്തിൽ 10,601 അപേക്ഷകൾ ലഭിച്ചതിൽ 10,600 തീർപ്പാക്കി. ഒന്ന് പരിഗണനയിൽ തുടരുന്നു. 704 അപേക്ഷകൾ തള്ളുകയും 9,896 അംഗീകരിക്കുകയും ചെയ്തു.
ചവറയിൽ 9,253 അപേക്ഷകൾ ലഭിച്ചതിൽ 9,252 തീർപ്പാക്കി. ഒന്ന് പരിഗണനയിൽ. 785 തള്ളുകയും 8,467 അംഗീകരിക്കുകയും ചെയ്തു.
കുന്നത്തൂരിൽ 8,011 അപേക്ഷകളും തീർപ്പാക്കി. 449 തള്ളുകയും 7,562 അംഗീകരിക്കുകയും ചെയ്തു.
കൊട്ടാരക്കരയിൽ 6,154 അപേക്ഷകളും മുഴുവൻ തീർപ്പാക്കി. 344 തള്ളുകയും 5,810 അംഗീകരിക്കുകയും ചെയ്തു.
പത്തനാപുരത്ത് 8,248 അപേക്ഷകൾ ലഭിച്ചതിൽ 8,247 തീർപ്പാക്കി. ഒന്ന് പരിഗണനയിൽ തുടരുന്നു. 565 അപേക്ഷകൾ തള്ളുകയും 7,682 അംഗീകരിക്കുകയും ചെയ്തു.
പുനലൂരിൽ 6,916 അപേക്ഷകളിൽ 6,914 തീർപ്പാക്കി. രണ്ട് അപേക്ഷകൾ പരിഗണനയിൽ തുടരുന്നു. 460 തള്ളുകയും 6,454 അംഗീകരിക്കുകയും ചെയ്തു.
ചടയമംഗലത്ത് 10,301 അപേക്ഷകളും മുഴുവൻ തീർപ്പാക്കി. 486 തള്ളുകയും 9,815 അംഗീകരിക്കുകയും ചെയ്തു.
കുണ്ടറയിൽ 11,194 അപേക്ഷകൾ ലഭിച്ചതിൽ മുഴുവൻ തീർപ്പാക്കി; 1,314 തള്ളുകയും 9,880 അംഗീകരിക്കുകയും ചെയ്തു.
കൊല്ലം മണ്ഡലത്തിൽ 6,895 അപേക്ഷകളിൽ 6,894 തീർപ്പാക്കി. ഒന്ന് പരിഗണനയിൽ തുടരുന്നു. 984 തള്ളുകയും 5,910 അംഗീകരിക്കുകയും ചെയ്തു.
ഇരവിപുരത്ത് 10,919 അപേക്ഷകളിൽ 10,918 തീർപ്പാക്കി; ഒന്ന് പരിഗണനയിൽ. 1,635 തള്ളുകയും 9,283 അംഗീകരിക്കുകയും ചെയ്തു.
ചാത്തന്നൂരിൽ 7,940 അപേക്ഷകളിൽ 7,939 തീർപ്പാക്കി. ഒന്ന് പരിഗണനയിൽ തുടരുന്നു. 719 തള്ളുകയും 7,220 അംഗീകരിക്കുകയും ചെയ്തു.


0 Comments