അഞ്ചാലുംമൂട് : എകെജി കലാകേന്ദ്രത്തിന്റെ 36-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പൊതുസമ്മേളനവും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികൾ പൊതുസമ്മേളനത്തോടെ സമാപിച്ചു.
കലാകേന്ദ്രത്തിന്റെ മുൻകാല പ്രവർത്തകനും ഭാരവാഹിയും ജനപ്രതിനിധിയുമായിരുന്ന അന്തരിച്ച കെ. ബാബുദാസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ‘കെ. ബാബുദാസ് സ്മാരക മികച്ച ധനകാര്യ മന്ത്രിക്കുള്ള അവാർഡ്’ മന്ത്രി കെ.എൻ. ബാലഗോപാലിന് കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ബി. ജയന്തി സമ്മാനിച്ചു.
പ്രശസ്ത ചലച്ചിത്ര താരം ഭരത് മുരളിയുടെ പേരിൽ കലാകേന്ദ്രം കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ഏർപ്പെടുത്തിവരുന്ന ‘ഭരത് മുരളി സ്മാരക പുരസ്കാരം’ ഇത്തവണ നടൻ സുധീർ കരമനയ്ക്ക് മന്ത്രി സമ്മാനിച്ചു. മാധ്യമപ്രവർത്തകൻ ബിജു ടി.വി., കായികതാരങ്ങളായ ഡേവിഡ് വി.ജെ., രമേശ് (പി.എഫ്.എ.), നേർക്കാഴ്ച ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി ടി. ബിനു കുമാർ, ഐ.ബി.ആർ അച്ചീവർ സ്റ്റീവ് മൈക്ക്, മിസ്റ്റർ ഇന്ത്യ 2026 സാമുവൽ ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ മധു മുണ്ടയ്ക്കൽ എന്നിവരെയും മന്ത്രി മൊമെന്റോ നൽകി ആദരിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു മുഖ്യപ്രഭാഷണം നടത്തി. കലാകേന്ദ്രം സെക്രട്ടറി കെ. സജീവ് കുമാർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബൈജു ജോസഫ് ആമുഖപ്രഭാഷണം നടത്തി. കലാകേന്ദ്രം ട്രഷറർ ബിനോയ് നന്ദി രേഖപ്പെടുത്തി. വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക മത്സരങ്ങളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.



0 Comments