അഞ്ചാലുംമൂട് : മണിക്കൂറുകൾക്ക് മുൻപ് അഷ്ടമുടി ലൈവ് ന്യൂസിൽ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായതാണെന്ന് ഐ.എൻ.ടി.യു.സി അഷ്ടമുടി യൂണിറ്റ് ആരോപിച്ചു. യൂണിയൻ അംഗങ്ങളെ ലക്ഷ്യമിട്ട് തയ്യാറാക്കിയ നാടകത്തിന്റെ ആകെ ഫലമാണ് പ്രസ്തുത ഓൺലൈൻ വാർത്തയെന്നും യൂണിറ്റ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സ്കൂൾ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചുകൊണ്ട് ഏകപക്ഷീയമായ രീതിയിലാണ് വാർത്ത നൽകിയതെന്ന് യൂണിറ്റ് ആരോപിക്കുന്നു. സംഘടനയുടെ നിലപാട് തേടാതെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
പഴയ മതിൽ പൊളിച്ചശേഷം അതേ പഴയ ഫൗണ്ടേഷനിൽ തന്നെ പുതിയ മതിൽ പണിയാൻ പി.ടി.എ അംഗങ്ങളും കോൺട്രാക്ടറും ശ്രമിച്ചതാണ് വിഷയത്തിന് കാരണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുതിയ ഫൗണ്ടേഷൻ നിർമ്മിച്ച് അതിന്മേൽ മതിൽ പണിയണമെന്ന നിലപാടാണ് കോൺഗ്രസും കോൺഗ്രസ് പോഷക സംഘടനകളും സ്വീകരിച്ചതെന്ന് ഐ.എൻ.ടി.യു.സി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള ഈ നിലപാടിനെ ‘നോക്കുകൂലി’ ആരോപണമായി വളച്ചൊടിച്ചാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്നും യൂണിറ്റ് കുറ്റപ്പെടുത്തി.
വസ്തുതകൾ അവഗണിച്ച് സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്ത നൽകിയതിനെതിരെ നിയമനടപടിയിലേക്ക് കടക്കുന്നതായും ഐ.എൻ.ടി.യു.സി അഷ്ടമുടി യൂണിറ്റ് കൺവീനർ സുനി അറിയിച്ചു.

0 Comments