കൊല്ലം : ഭൂമി തരംമാറ്റി നൽകുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കൊല്ലം പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻറ് പിടിയിലായി. തിരുവനന്തപുരം പട്ടം സ്വദേശിയായ മുഹമ്മദ് ഖാനെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
പരാതിക്കാരന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള പിറവന്തൂർ വില്ലേജിലെ 34 സെൻറ് ഭൂമി തരംമാറ്റുന്നതിനായി സമർപ്പിച്ച അപേക്ഷയുടെ നടപടികളുമായി ബന്ധപ്പെട്ടാണ് സംഭവം. വസ്തുവിന്റെ ഫെയർ വാല്യു കണക്കാക്കുന്നതിനായി ഫയൽ പുനലൂർ ആർ.ഡി.ഒ ഓഫീസിൽ നിന്ന് പിറവന്തൂർ വില്ലേജ് ഓഫീസിലേക്ക് അയച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി ഫയൽ ആർ.ഡി.ഒ ഓഫീസിലേക്ക് തിരിച്ചയച്ചെങ്കിലും റിപ്പോർട്ടിൽ അപാകതകൾ ചൂണ്ടിക്കാട്ടി വീണ്ടും വില്ലേജ് ഓഫീസിലേക്ക് മടക്കി അയച്ചു.
ഇതിനിടെ ഫയലിനെക്കുറിച്ച് അന്വേഷിക്കാൻ വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന് രേഖകൾ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് പരിചയക്കാരൻ മുഖേന ഫോൺ വഴി വില്ലേജ് അസിസ്റ്റൻറ് മുഹമ്മദ് ഖാനെ ബന്ധപ്പെട്ടപ്പോൾ ഫയൽ ശരിയാക്കി നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പറയുന്നു. തുടർന്ന് ഇയാളോട് നേരിട്ട് ഓഫീസിലെത്തി സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പരാതിക്കാരന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ട പ്രതി പണം നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. പിന്നാലെ പരാതിക്കാരനുമായി നേരിട്ട് ബന്ധപ്പെടുകയും ഗൂഗിൾ പേ വഴിയോ നേരിട്ടോ പണം കൈമാറണമെന്ന് നിർദേശിക്കുകയും ചെയ്തു. കൈക്കൂലി നൽകാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ വിവരം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി നിരീക്ഷണം നടത്തി. ഇന്ന് ഉച്ചയോടെ പിറവന്തൂർ വില്ലേജ് ഓഫീസിന് മുൻവശത്ത് വെച്ച് പരാതിക്കാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് അസിസ്റ്റൻറ് മുഹമ്മദ് ഖാനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

0 Comments