കൊല്ലം : പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ (എൻ.ടി.സി.) ഉടമസ്ഥതയിലുള്ള എ.ഡി. കോട്ടൺ അഥവാ പാർവതി മിൽസ് ലിമിറ്റഡ് ലുലു ഗ്രൂപ്പിന് കൈമാറാൻ സാധ്യത. കേന്ദ്ര സർക്കാരിന്റെ പൂർണ സമ്മതത്തോടെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ നടക്കുന്ന ഈ നീക്കത്തിന്റെ പ്രാരംഭ ചർച്ചകൾ നടന്നതായി വിവരം. ടൂറിസം ലക്ഷ്യമാക്കി 'ലുലു വില്ലേജ്' എന്ന പേരിൽ വമ്പൻ സംരംഭം ആരംഭിക്കാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി.
കൊല്ലം നഗരത്തിലെ 16.40 ഏക്കർ പ്രൈം ഭൂമിയാണ് പാർവതി മിൽസിന്റേത്. മിൽസിന്റെ പിൻഭാഗം അഷ്ടമുടി കായലിനോട് ചേർന്നുള്ളതിനാൽ ടൂറിസവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഇവിടെ ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഹൈപ്പർ സൂപ്പർമാർക്കറ്റും ഇതിന്റെ ഭാഗമായി ഉണ്ടാകും. മിൽസ് തുറക്കാൻ ഒരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്വകാര്യ സംരംഭകരെ തേടിയത്. സംസ്ഥാന സർക്കാരുമായുള്ള ആദ്യ ആലോചനകളിലാണ് ലുലു ഗ്രൂപ്പിന്റെ പേര് ഉയർന്നുവന്നത്. സി.പി.എം., കോൺഗ്രസ്, ബി.ജെ.പി. തുടങ്ങിയ പ്രധാന പാർട്ടികളുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടാകുമെന്നാണ് സൂചന.
ഒരുകാലത്ത് കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ വിജയസാധ്യതയ്ക്ക് പ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് പാർവതി മിൽസ്. കമ്പനി അടച്ചുപൂട്ടിയതോടെ കോൺഗ്രസും ആർ.എസ്.പി.യും ഈ വിഷയം ഉയർത്തി വോട്ട് തേടിയിരുന്നു. 2014 ഫെബ്രുവരിയിൽ മിൽസിന്റെ ഭൂമി മെഡിക്കൽ കോളജിനായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തുനിന്നുള്ള പ്രതിനിധികളും സംഘടനകളും ധർണയും മാർച്ചും നടത്തിയിരുന്നു. പാർവതി മിൽസിനെ ടെക്സ്റ്റൈൽസ് പാർക്കായി ഉയർത്തുമെന്നും നാനോ ടെക്സ്റ്റൈൽ പാർക്ക് കൊണ്ടുവരുമെന്നും എം.പി. പറഞ്ഞിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. ഇപ്പോൾ മിൽസിന്റെ കെട്ടിടങ്ങളും യന്ത്രങ്ങളും നശിച്ച് നാമാവശേഷമായിക്കഴിഞ്ഞു.
രണ്ടുവർഷം മുമ്പ് മിൽസിന്റെ സ്ഥലം കൈമാറണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമയാണ് കൊല്ലത്ത് സ്പിന്നിങ് മിൽ ആരംഭിക്കാൻ മുൻകൈയെടുത്തത്. തിരുവിതാംകൂറിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന കൊല്ലത്ത് കോട്ടൺ മിൽ തുടങ്ങാൻ അദ്ദേഹം ഭൂമി ദാനം ചെയ്തു. 1884-ൽ ബ്രിട്ടീഷ് പൗരനായ എ.ഡി. കോട്ടൺ സ്ഥാപിച്ച ഈ കമ്പനി സ്വാതന്ത്ര്യത്തിനു മുമ്പ് കൊല്ലത്തിന്റെ ജീവനാഡിയായിരുന്നു.
സ്വാതന്ത്ര്യാനന്തരം മിൽസ് തമിഴ് സംരംഭകൻ വാടകയ്ക്കെടുത്തു. 1974-ൽ ഭൂമി നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനു കൈമാറി. അന്ന് കമ്പനിയിൽ 120 ജീവനക്കാരുണ്ടായിരുന്നു. 2005-ൽ എൻ.ടി.സി. പാർവതി മിൽസിനെ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിട്ടെങ്കിലും പാർവതി മിൽസ് വർക്കേഴ്സ് യൂണിയന്റെ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. 2008-ൽ മിൽസ് അടച്ചുപൂട്ടി.

0 Comments