കൊല്ലം : എസ്എൻഡിപി യോഗത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ച് യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ധർമ്മസമരം സംഘടിപ്പിച്ചു. എസ്എൻഡിപി സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനന്റെ വസതിയിലേക്കാണ് പ്രവർത്തകർ അദ്ദേഹത്തിന്റെ പേര് പതിച്ച റീത്തുമായി പ്രതിഷേധ പ്രകടനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ യൂണിയനുകളിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധത്തിന്റെ ഭാഗമായി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞത്, കള്ളക്കേസുകൾ ചുമത്തുന്നതോടൊപ്പം യോഗനേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പ്രവണത വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടിയാണ് സമരത്തിലേക്ക് കടന്നതെന്നായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ സംഘടനയുടെ മാന്യതയ്ക്ക് തിരിച്ചടിയാണെന്നും അവർ ആരോപിച്ചു.
ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ എല്ലാ സംഘടനകളിലും സ്വാഭാവികമാണെങ്കിലും അവ സംഘടനയുടെ ആഭ്യന്തര വേദികളിൽ പരിഹരിക്കേണ്ടതാണെന്ന് നേതാക്കൾ പറഞ്ഞു. നിലവിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും, എതിർപ്പുള്ളവർ തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാമെന്നും അവർ വ്യക്തമാക്കി. സംഘടനയെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന രീതിയിലുള്ള നീക്കങ്ങൾ ഒഴിവാക്കേണ്ടതാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി പ്രസിഡൻ്റ് പച്ചയിൽ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, പന്തളം യൂണിയൻ പ്രസിഡൻ്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, യോഗം കൗൺസിലർ പി. സുന്ദരൻ, യോഗനാദം കോ-ഓർഡിനേറ്റർ പി.വി. രജിമോൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽ നീരാവിൽ, പുനലൂർ യൂണിയൻ സെക്രട്ടറി ഹരിദാസ്, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനിഷ്, കായംകുളം യൂണിയൻ പ്രസിഡൻ്റ് ചന്ദ്രദാസ്, ചെമ്പഴന്തി യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ്, രാഖേഷ് കോഴഞ്ചേരി, പ്രമോദ് കണ്ണൻ, അരുൺ അശോക്, ബിജു തോപ്പിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
അതേ സമയം, ഭീഷണികൾക്ക് മുമ്പിൽ മുട്ടുമടക്കില്ലെന്നും ഗുണ്ടകളുടെ കേളീരംഗമായി എസ്.എൻ.ഡി.പി. യോഗം മാറിയെന്നതിന്റെ തെളിവാണ് ഇന്നത്തെ സംഭവങ്ങളെന്നും ചൂണ്ടിക്കാട്ടി അഡ്വ. എസ്. ചന്ദ്രസേനൻ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിൽ പ്രതികരിച്ചു.
കൊല്ലം–തേനി ദേശീയപാതയിൽ തേവള്ളി കൊട്ടാരത്തിന് സമീപം നടന്ന പ്രതിഷേധത്തെ തുടർന്ന് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. സമരക്കാർ എത്തിച്ച വാഹനങ്ങൾ റോഡ്സൈഡിൽ പാർക്ക് ചെയ്തതോടെ ഇരുവശത്തുനിന്നും നീണ്ട വാഹനനിര രൂപപ്പെട്ടത്. ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.


0 Comments