Iklan

Iklan

,

Iklan

Video

ദുരിതം വിതച്ച് മഴ; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22ആയി, കോട്ടയത്ത് മാത്രം 13

SPECIAL CORRESPONDENT
, Sunday, October 17, 2021 WIB Last Updated 2021-10-17T11:58:15Z
സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 22 ആയി ഉയർന്നു. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ അപ്യതീക്ഷിത ഉരുൾപൊട്ടലിൽ ഇരയായ കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തതോടെ ആകെ മരണം 22 ആയി ഉയർന്നു.

അഫ്‌ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണ്ണമായി മണ്ണിൽ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതൽ എൻഡിആർഎഫും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊക്കയാറിൽ കാണാതായിരുന്ന എട്ട് പേരിൽ അഞ്ചുപേരും കുട്ടികളാണ്. ഉരുൾപൊട്ടലിൽ കൊക്കയാറിൽ ഏഴ് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവർത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.

അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽനിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.

കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഇവിടെ കണ്ടെടുത്ത ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (50) എന്നിവരുടെയും മൃതദേഹം ലഭിച്ചു. ഇവർക്കു പുറമേ ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ, കൂവപ്പള്ളിയിൽ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. ഇവർ ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം.

ഇടുക്കി പീരുമേട് കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണ്ടെത്തിയ 3 മൃതദേഹങ്ങളും കുട്ടികളുടെതാണ്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപ്പെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജി (44)യുടെ മൃതദേഹവും ലഭിച്ചു.

ഇന്ന് പകൽ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. മണ്ണിൽ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. എന്നാൽ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.

കോട്ടയം-ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനിൽക്കുന്ന പ്രദേശമാണിവ. മുൻപ് ഒരിക്കലും ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents