banner

ലത മങ്കേഷ്‌കര്‍ വെന്‍റിലേറ്ററിൽ; ഗായികയ്‌ക്കായി പ്രാർത്ഥിച്ച് ആരാധകർ

മുംബൈ : പ്രമുഖ ഗായിക ലത മങ്കേഷ്‌കറിന്‍റെ ആരോഗ്യനില വീണ്ടും വഷളായി. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നാലെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമായതിനെ തുടർന്ന് ഗായികയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

92കാരിയായ ഗായികയ്‌ക്ക് ജനുവരി 11നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു.

ഇന്ത്യൻ സിനിമയുടെ ഐതിഹാസിക ഗായകരിൽ ഒരാളായി വാഴ്ത്തപ്പെട്ട ലത മങ്കേഷ്‌കറിന് 2001ൽ ഭാരതരത്‌ന നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ തുടങ്ങിയ നിരവധി ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന മങ്കേഷ്‌കർ ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 30,000 ഗാനങ്ങള്‍ പാടിയിട്ടുണ്ട്‌. 1974ൽ പുറത്തിറങ്ങിയ 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി' എന്ന ഒറ്റ ഗാനം കൊണ്ട് മലയാളി പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്.

إرسال تعليق

0 تعليقات