തിരുവനന്തപുരം : തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. രണ്ട് എസ് ഐമാർക്കും ഒരു ഗ്രേഡ് എസ് ഐക്കുമാണ് സസ്‌പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സുരേഷ് എന്ന പ്രതിയാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.
പോലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറഞ്ഞിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നു. എന്നാൽ, സുരേഷിന്റേത് കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പോലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.ഹൃദയാഘാതത്തിന്റെ കാരണം അറിയാൻ വിശദമായ പരിശോധന വേണമെന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വ്യക്തമാക്കിയിരുന്നു.
ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ സബ്കളക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുകയായിരുന്നു. സുരേഷിന്റെ ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടത്തിയത്.
0 تعليقات