പാർട്ടി കോൺഗ്രസിനിടെ തളർന്ന് വീണ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംസി ജോസഫൈൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നുള്ള വനിതാ നേതാവിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ പ്രവർത്തകർ
Table of Contents
വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.
സംസ്ഥാന വനിതാ കമ്മിഷൻ മുൻ അധ്യക്ഷയാണ് (2017--2021). ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അഥോറിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
വിദ്യാർത്ഥി--യുവജന--മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ൽ സിപിഐ എം അംഗത്വം. 1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.
13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. വൈപ്പിൻ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. 1948 ഓഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര--മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.
Post a Comment