banner

കത്ത് വിവാദം : അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് സംസ്ഥാന പോലീസ് മേധാവി

കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.

അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതി എന്നാണ് വിവാദം. എന്നാല്‍ മേയര്‍ ഇത് നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുകയും ആര്യയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്.

إرسال تعليق

0 تعليقات