പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശത്തിന് വിരുദ്ധമായി വിപ്പ് ലംഘിച്ച് മത്സരിച്ച് വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പന്റെ നടപടിക്ക് കൂട്ടുനിന്ന് പാർട്ടി അച്ചടക്കം ലംഘിച്ച തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജയൻപിള്ള ആനിക്കനാട്ടിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതായും മണ്ഡലം പ്രസിഡന്റിന്റെ ചുമതല കെ.പി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെ ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കരക്ക് കൈമാറിയതായും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി നറുക്കെടുപ്പിലൂടെ വിജയിച്ച കുട്ടപ്പനോട് അടിയന്തിരമായി സ്ഥാനം രാജി വെയ്ക്കുവാൻ ഡി.സി.സി നിർദ്ദേശിച്ചു.
രാജി വെച്ചില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കുട്ടപ്പന് നല്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംവരണം അല്ലാതിരുന്നിട്ടും സംവരണ വാർഡിൽ നിന്ന് വിജയിച്ച വാർഡ് അംഗമായ കുട്ടപ്പനെ സീനിയോറിറ്റി പരിഗണിച്ച് പ്രസിഡന്റാക്കുകയും മുൻ ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി അവസാനിച്ചപ്പോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പാർലമെന്ററി പാർട്ടിയുടേയും ഏകഖണ്ഠമായ തീരുമാനപ്രകാരം രാജി വെയ്പ്പിക്കുകയുമാണുണ്ടായത്.
മറ്റ് അംഗങ്ങൾക്കും അവസരം നല്കുന്നതിനായി പ്രസിഡന്റായിരുന്ന കുട്ടപ്പൻ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും അഞ്ചാം വാർഡ് അംഗമായ സി.ഡി ശോഭയെ മത്സപ്പിക്കുവാൻ മണ്ഡലം പ്രസിഡന്റിന്റെ കൂടി സാന്നിദ്ധ്യത്തിൽ ചേർന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റാന്റിഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഡി.സി.സി വിപ്പ് നല്കിയത്.
എന്നാൽ തീരുമാനം നടപ്പാക്കേണ്ട പ്രസിഡന്റ് വിരുദ്ധമായി പ്രവർത്തിച്ചു എന്ന താല്ക്കാലിക അടിയന്തിര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്ന് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കൂടുതൽ കർശനമായ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
.jpg)
0 Comments