banner

നവവധുവിന്റെ ആത്മഹത്യയിൽ ഭർതൃമാതാപിതാക്കൾ അറസ്റ്റിലായ സംഭവം; 29 കാരിയോട് ചെയ്തത് കൊടും ക്രൂരതയെന്ന് റിപ്പോർട്ടുകൾ



കാച്ചാണിയിൽ 29 കാരിയായ നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിലായിതോടെ പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ. അനുപ്രിയ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനങ്ങളാണ് അനുഭവിച്ചിരുന്നതിനുള്ള തെളിവുകളായി മാറുകയാണ് യുവതി മരിക്കും മുമ്പ് എഴുതിയ കത്തുകൾ. അനുപ്രിയയുടെ മരണം സ്ത്രീധന പീഡനം മൂലമാണെന്ന്പരാതി നേരത്തെ ഉയർന്നിരുന്നു. സ്ത്രീധനം ചോദിച്ച് ഭർതൃവീട്ടുകാർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

സുരേന്ദ്രനാഥിൻ്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയെ ഏപ്രിൽ 17 ചൊവ്വാഴ്ച വൈകുന്നേരമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം അഞ്ചൽ സ്വദേശി മനുവുമായി എട്ടുമാസം മുൻപായിരുന്നു അനുപ്രിയയുടെ വിവാഹം. മനുവും മാതാപിതാക്കളും സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് യുവതിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു.

5 ലക്ഷം രൂപ വിവാഹത്തിന് ചിലവായി. അനുപ്രിയയുടെ വീട്ടിൽ നിന്നും പണം ഒന്നും നൽകിയിട്ടില്ല. തെണ്ടി കല്യാണമാണ് നടത്തിയത്. വീട്ടുകാർ തെണ്ടികളാണ്- ഈ രീതിയിലായിരുന്നു യുവതിയോട് ഭർതൃ വീട്ടുകാർ പെരുമാറിയതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രമാണ് അനുപ്രിയയും ഭർത്താവ് മനുവും ഒരുമിച്ച് താമസിച്ചത്. തുടർന്ന് അനു ഗർഭിണിയാകുകയും ഭർത്താവ് ഗൾഫിലേക്ക് പോകുകയും ചെയ്തു.

വിവാഹ സമയത്ത് സ്ത്രീധനം വേണ്ടെന്നും കുട്ടിയെ മാത്രം മതിയെന്നുമുള്ള നിലപാടിലായിരുന്നു ഭർതൃവീട്ടുകാർ. അനുപ്രിയയുടെ വീട്ടുകാർ സാമ്പത്തികമായി ഉന്നതിയിലായിരുന്നു. ഇടയ്ക്ക് അപ്രതീക്ഷിതമായി തകർച്ചയുണ്ടായതോടെ വീട് വിറ്റ് കടമെല്ലാം തീർത്ത് വാടകവീട്ടിലേക്ക് മാറുകയായിരുന്നു. വിവാഹാലോചനയുമായി വന്നപ്പോൾത്തന്നെ തങ്ങളുടെ നിലവിലെ സാമ്പത്തിക ശേഷിയെക്കുറിച്ച് അനുവിൻ്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ മാത്രം മതിയെന്ന നിലപാടിലായിരുന്നു അന്ന് മനുവിൻ്റെ കുടുംബം.

എന്നിട്ടും 20 പവൻ ആഭരണം നൽകിയാണ് അനുപ്രിയയുടെ വിവാഹം നടത്തിയത്. വിവാഹത്തിൻ്റെ പിറ്റേ ദിവസം തന്നെ ഈ ആഭരണങ്ങൾ മനുവിൻ്റെ അച്ഛൻ മന്മഥൻ അലമാരയിൽ വച്ച് പൂട്ടി. ഈ ആഭരണങ്ങൾ തനിക്ക് അവകാശപ്പെട്ടതാണെന്നും വിവാഹം നടത്തിയത് താനാണെന്നും പറഞ്ഞുകൊണ്ടായിരുന്നു മന്മഥൻ ആഭരണങ്ങൾ വച്ച് പൂട്ടിയത്. അനുപ്രിയയ്ക്ക് പുറത്തു പോകുമ്പോൾ ആഭരണം ധരിക്കണമെങ്കിൽ ഭർത്താവിനോട് സംസാരിച്ച് മന്മഥനിൽ നിന്ന് തീരുമാനം അറിയേണ്ട സാഹചര്യമായിരുന്നു.

മന്മഥന്റെയും വിജയയുടെയും രണ്ടു പെൺമക്കളും വിവാഹമോചിതരായി വീട്ടിലുണ്ട്. ആരെക്കണ്ടാലും അതിവിനയം കാണിക്കുന്ന വ്യക്തിയായിരുന്നു മനുവെന്നാണ് അനുപ്രിയയുടെ വീട്ടുകാർ പറയുന്നത്. ആ വിനയം കണ്ട് തെറ്റിദ്ധരിച്ചാണ് വിവാഹം വരെ നടന്നതെന്നും അവർ പറയുന്നു. മനുവിൻ്റെ രണ്ടു സഹോദരിമാരിൽ ഒരാളുടെ മകൻ ബുദ്ധി വൈകല്യം നേരിടുന്ന കുട്ടിയാണ്. അനുപ്രിയ ഗർഭിണിയായിരുന്ന സമയത്ത് മറ്റുള്ളവരുടെ മുന്നിൽ വച്ച് ഈ കുട്ടി ഓടിവന്ന് അനുപ്രിയയുടെ വയറ്റത്ത് ഇടിക്കുമായിരുന്നു.

എന്നാൽ ഇത് തെറ്റാണെന്ന് കുട്ടിയെ പറഞ്ഞ് വിലക്കാനോ ഒന്നും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നും അനുപ്രിയയുടെ വീട്ടികാർ ആരമാപിക്കുന്നു. ഗർഭിണിയായ ശേഷം പലവട്ടം അനുപ്രിയ ബ്ലീഡിങ്ങായി. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവിൻ്റെ വീട്ടുകാർ തയ്യാറായില്ല. മനുവിൻ്റെ ഒരു സഹോദരി നഴ്സാണെങ്കിലും ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും അനുപ്രിയയോട് ചോദിക്കുകയോ വേണ്ട പരിചരണം നൽകുകയോ ചെയ്തില്ല. അനുപ്രിയയുടെ ദുരവസ്ഥ കണ്ട്‌ അയൽവാസിയായ വീട്ടമ്മയാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായത്.

എന്നാൽ ഇതെല്ലാം സാധാരണയാണെന്ന് പറഞ്ഞ് അന്ന് അനുപ്രിയയെ മന്മഥൻ വീട്ടിൽ പൂട്ടിയിടുകയായിരുന്നു എന്നും പരാതിയുണ്ട്. ഈ സംഭവം നാട്ടിൽ വിഷയമാകും എന്നറിഞ്ഞ് പിന്നീട് രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. അപ്പോഴേക്കും അനുപ്രിയയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. സ്ത്രീധനത്തിൻ്റെയും കുഞ്ഞ് അബോർഷനായതിൻ്റെയും കാര്യം പറഞ്ഞ് വീട്ടുകാർ മാനസികമായി അവളെ പീഡിപ്പിച്ചപ്പോൾ മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭർത്താവ് ഗൾഫിലിരുന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

അനുവിൻ്റെ കുടുംബത്തിലെ തന്നെ രണ്ടുമൂന്ന് പെൺകുട്ടികളെ വിവാഹാലോചനയുമായി ഇവർ സമീപിച്ചെന്നും അനുപ്രിയയുടെ വീട്ടുകാർ ആരോപിക്കുന്നു. ഞാൻ മരിക്കുകയാണെങ്കിൽ മനുവിൻ്റെ ഭാര്യയായിത്തന്നെ മരിക്കുമെന്ന് അനുപ്രിയ തൻ്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

Post a Comment

0 Comments