banner

ഹോങ്കോങ്ങിൽ വെച്ച് കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി; മുഖ്യമന്ത്രിക്ക് കത്തയച്ച് യുവാവിൻ്റെ മാതാവ്

പള്ളുരുത്തി : ഹോങ്കോങ്ങിൽ വെച്ച് കപ്പലിൽ നിന്ന് മകനെ കാണാതായെന്ന പരാതിയുമായി അമ്മ. പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പിൽ ജിജോ അഗസ്റ്റിനെയാണ് (26) കാണാതായത്. ഇസ്രായോൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഫ് ട്രെൽ എന്നുപേരുള്ള കപ്പലിൽ നിന്ന് കഴിഞ്ഞ മെയ് 14 മുതൽ ജിജോയെ കാണാതായതായാണ് വിവരം. ജനുവരിയിലാണ് ജിജോ അഗസ്റ്റിൻ മുംബൈയിലെ എക്സ് ടി ഷിപ്പിങ് കമ്പനി വഴി കപ്പലിൽ ജോലിക്ക് പ്രവേശിക്കുന്നത്. ക്യാപ്റ്റൻ അനിൽ സൂഡെന്ന എന്നയാളാണ് ജിജോയെ കാണാനില്ലെന്ന വിവരം കുടുംബത്തെ അറിയിച്ചത്. ഇതിനു ശേഷം കമ്പനിയുടെ ഭാഗത്തു നിന്നും ഒരു വിവരവും ഉണ്ടായിട്ടില്ലെന്നാണ് അമ്മ ഷേർളി അറിയിക്കുന്നത്.

12-ാം തിയതി അവസാനമായി ജിജോ വീട്ടിലേക്ക് വിളിച്ചപ്പോൾ കപ്പലിലുള്ള ജീവനക്കാർ തന്നെ സ്ഥിരമായി കളിയാക്കാറുണ്ടെന്നും അവരെ ക്യാപ്റ്റൻ പിരിച്ചുവിട്ടെന്നും അമ്മയോട് പറഞ്ഞിരുന്നു. ഇതിനുശേഷം നിരന്തരമായി ഫോണിലേക്ക് കോളുകൾ വരുന്നുണ്ടെന്നും ഭീഷണിപ്പെടുത്താനാണോ എന്ന് സംശയമുള്ളതായും ജിജോ പറഞ്ഞതായാണ് അമ്മ ഷേർളി നൽകുന്ന വിവരം. അതിനാൽ തന്നെ സംഭവത്തിൽ ദുരൂഹതയുള്ളതായാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അമ്മ ഷേർളി പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനെയും , ഹൈബി ഈഡൻ എം പിയെയും, കെ വി തോമസിനെയും വിവരം അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. 24 വർഷമായി ജിജോയുടെ പിതാവ് മരണപ്പെട്ടിട്ട്. അതിനുശേഷം കൂലിപ്പണിയെടുത്താണ് അമ്മ ഷേർളി ജിജോയെ പഠിപ്പിച്ച് ജോലിക്കാരനാക്കിയത്. തന്റെ മകന്റെ തിരോഥാനത്തിൽ അടിയന്തിരമായി സർക്കാരിന്റെ ഭാഗത്തു നിന്നും നടപടിയെടുക്കണമെന്നാണ് ഈ അമ്മയുടെ ആവശ്യം.

Post a Comment

0 Comments