മലപ്പുറം : മകന്റെ ബൈക്ക് കത്തിക്കാനായി ക്വട്ടേഷന്‍ നല്‍കിയ മാതാവിനെയും സഹായികളെയും പോലീസ് പിടികൂടി. മലപ്പുറം മുള്ള്യാകുര്‍ശി സ്വദേശി തച്ചാംകുന്നന്‍ നഫീസയും സഹായികളുമാണ് അറസ്റ്റിലായത്.
മകനോടുള്ള വ്യക്തി വൈരാഗ്യമാണ് വണ്ടി കത്തിക്കാനുള്ള ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് നഫീസ ഉള്‍പ്പടെ നാലു പേർ അറസ്റ്റിലായി.
അയല്‍വാസിയായ മെഹബൂബിന്റെ സഹായത്തോടെയായിരുന്നു നഫീസയും ക്വട്ടേഷന്‍. മകന്‍ മുഹമ്മദ് ഷഫീഖിന്റെ സ്‌കൂട്ടര്‍ കത്തിക്കാനാണ് മെഹബൂബിനും കൂട്ടാളികളായ കാജാ ഹുസൈനും അബ്ദുള്‍ നാസറിനും ക്വട്ടേഷന്‍ നല്‍കിയത്. ഇരുപതിനായിരം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. മുന്‍കൂറായി അയ്യായിരം രൂപയും നല്‍കുകയും ചെയ്തിരുന്നു. നഫീസയുടെ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലാണ് ഷഫീഖ് താമസിക്കുന്നത്.
ക്വാര്‍ട്ടേഴ്‌സിന് പുറത്ത് നിര്‍ത്തിയിട്ട ഷഫീഖിന്റെ സ്‌കൂട്ടര്‍ മേയ് ഒന്നിനാണ് മെഹബൂബും സംഘവും കത്തിച്ചത്. നഫീസയ്ക്ക് മകനോടുള്ള വ്യക്തി വിരോധമാണ് ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണമായത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ അബ്ദുള്‍ നാസറും കാജാ ഹുസൈനും വധശ്രമമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡിലാക്കി.

0 Comments