banner

ടൂറിസം വകുപ്പും, മന്ത്രിയുമാണ് അപകടത്തിൻ്റെ ഉത്തരവാദികൾ; താനൂർ ബോട്ടപകടം ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയെന്ന് കെ സുധാകരൻ



തിരുവനന്തപുരം : ഭരണകൂടം സ്പോൺസർ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് ഞായറാഴ്ച ഉണ്ടായ ബോട്ടപകടത്തിലെ മരണങ്ങളെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിൽ അല്ല താനൂർ സംഭവത്തെ കാണേണ്ടതെന്ന് സുധാകരൻ പറഞ്ഞു. സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസികമായ ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഭരണകൂട ഒത്താശയോടു കൂടിയാണ് ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നതെന്നും സുധാകരൻ വിമർശിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം. രാഷ്ട്രീയ ധാർമികത എന്നത് സിപിഐഎമ്മിന്റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തിൽ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. പക്ഷേ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകൾ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണം’, സുധാകരൻ കുറിച്ചു. താനൂർ ബോട്ട് അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളിൽ ശക്തമായ നടപടികൾ എടുക്കുവാനും സർക്കാർ തയ്യാറാകണമെന്നും മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഉചിതമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് സർക്കാർ നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments