banner

മണിപ്പൂരിൽ ബിഎസ്എഫ് ജവാന് വീരമൃത്യു!, വെടിയേറ്റത് കലാപമുണ്ടായ മേഖലയിൽ സുരക്ഷയൊരുക്കുന്നതിനിടെ


ഇംഫാൽ : മണിപ്പൂരിൽ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടായ മേഖലയിൽ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സൈനികനാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ വ്യോമമാർഗം ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.

പുലർച്ചെ 4.05 ഓടെ സുരക്ഷാസേനയ്ക്ക് നേരെ കുക്കി വിഭാഗത്തിലെ അക്രമികളെന്ന് കരുതുന്നവർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. 163 ബറ്റാലിയന്റെ ഭാഗമായ കോൺസ്റ്റബിൾ രൺജിത് യാദവ് ആണ് കൊല്ലപ്പെട്ടത്. രൺജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാക്ചിങ് ജില്ലയിൽ സുക്‌നു മേഖലയിലെ സെറോ സ്‌കൂൾ പരിസരത്ത് സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂർ സംഘർഷത്തിൽ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ ബിഎസ്എഫ് സൈനികൻ ആണ് രൺജിത്. സംവരണത്തെച്ചൊല്ലി കുക്കി, മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിന് ശേഷം ശാന്തമായി വരുന്ന മണിപ്പൂരിനെ വീണ്ടും സംഘർഷത്തിലേക്ക് തളളിവിടാനുളള ആസൂത്രിത ശ്രമമാണ് ആക്രമണമെന്നാണ് കരുതുന്നത്.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേനയും അക്രമികളും തമ്മിൽ രാത്രി മുഴുവൻ വെടിവെയ്പ് ഉണ്ടായതായി സൈന്യം അറിയിച്ചു. അക്രമികൾക്കായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സെറോ മേഖലയിൽ ഞായറാഴ്ച ഉൾപ്പെടെ അക്രമികൾ വീണ്ടും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിൽ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സമാധാന ചർച്ചകൾ നടത്തിയിരുന്നു.

Post a Comment

0 Comments