ആശ്രാമം മൈതാനത്തിൽ വിഭാവനം ചെയ്തിട്ടുള്ള ജൈവവൈവിധ്യ പാർക്കിന് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. വനംവന്യ ജീവി വകുപ്പ് സമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചാരണം ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ മുഖമുദ്രയായി ആശ്രാമം ജൈവവൈവിധ്യപാർക്ക് മാറും. നാടൻ ഫലവൃക്ഷങ്ങളും സസ്യങ്ങളും കൂടുതൽ ഉൾപെടുത്തിയാകും ജൈവ വൈവിധ്യ പാർക്ക് സ്ഥാപിക്കുക. ജൈവ വൈവിധ്യപാർക്കിന് എല്ലാ പിന്തുണയും സർക്കാർ നൽകും. ആശ്രാമം മൈതാനവും ബീച്ചും ഉൾപ്പെടുത്തി സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ട്രാക്ക് ഉൾപ്പടെ പരിഗണിക്കും. 2050ൽ കേരളത്തിൽ പൂർണമായും കാർബൺ എമിഷൻ ഒഴിവാക്കാനാകും.
പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കണം. ജലാശയങ്ങളിൽ പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നത് തടയണം.
സമൂഹത്തിൽ പാരിസ്ഥിതിക ബോധം വളർത്തുന്നതിൽ വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകാപരമാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ജില്ല മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാകണം പരിസ്ഥിതി സംരക്ഷണ നടപടികൾ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പരിസ്ഥിതി വിനാശം രൂക്ഷമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളും ഹരിതകർമ്മസേനയും ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കമലാഹർ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എ പി സുനിൽബാബു, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി ജി അനിൽകുമാർ, എസ്പിസി കേഡറ്റുകൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

0 Comments