മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക, പൊതു പരിപാടികള്‍ മാറ്റിവച്ചതായി ഓഫിസ് അറിയിച്ചു. ജൂണ്‍ 27 വരെയുള്ള പരിപാടികളാണ് മാറ്റിയത്. പനിയും ശാരീരിക അസ്വസ്ഥതകളും കാരണം അദ്ദേഹം വിശ്രമത്തിലായ സാഹചര്യത്തിലാണ് തീരുമാനം.
15 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വയും ബുധനും ഓഫീസില്‍ അദ്ദേഹം എത്തിയിരുന്നില്ല. ഇതിനിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായാണ് പങ്കെടുത്തത്. സുഖമില്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് പങ്കെടുക്കാത്തതെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചിരുന്നു.
ഈ മാസം 27ന് ആണ് അടുത്ത മന്ത്രിസഭാ യോഗം. ഈ യോഗത്തില്‍ 30ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി ജോയിക്കും പൊലീസ് മേധാവി അനില്‍കാന്തിനും പകരക്കാരെ നിയമിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

0 Comments