banner

പിറന്നാള്‍ ആഘോഷത്തിനിടയിൽ തര്‍ക്കം!, സുഹൃത്തുക്കള്‍ ചേര്‍ന്നു യുവാവിനെ കുത്തി കൊലപ്പെടുത്തി, 4 പേർ പിടിയിൽ

മുംബൈയില്‍ ജന്മദിനാഘോഷത്തിനിടെ 18 കാരന് ദാരുണാന്ത്യം. ഭക്ഷണത്തിന്റെ ബില്‍ പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട യുവാവ് മെയ് 31ന് സുഹൃത്തുക്കള്‍ക്കായി ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ‘ധാബ’ എന്നറിയപ്പെടുന്ന റോഡരികിലെ ഒരു ഭക്ഷണശാലയിലായിരുന്നു പാര്‍ട്ടി നടത്തിയത് . ആഘോഷത്തിനിടെ കഴിച്ച ഭക്ഷണത്തിന് മാത്രം 10,000 രൂപയോളം ബില്‍ ലഭിച്ചു. ബില്‍ തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍, കൊല്ലപ്പെട്ട യുവാവ് തന്നെ മുഴുവന്‍ തുകയും നല്‍കി പ്രശ്‌നം ഒതുക്കി തീർക്കുകയായിരുന്നു .

പിന്നീട് പ്രതികളായ നാല് പേരും മറ്റൊരു പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ച്‌ യുവാവിനെ ക്ഷണിച്ചു വരുത്തി. ഒരു കേക്ക് സമ്മാനിച്ച ശേഷം പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ഒടുവില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ 19ഉം 22ഉം വയസ്സുള്ള രണ്ട് പ്രതികളെ ഗുജറാത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി .


Post a Comment

0 Comments