കേരള സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. അതേസമയം യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. കുറഞ്ഞ ചിലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നൽകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നൽകിയ പട്ടിക അനുസരിച്ച് ഒരു നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളിലാണ് ആദ്യഘട്ടത്തില്‍ കെ ഫോണ്‍ എത്തിക്കുക. പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷന്‍ നല്‍കും. കൊച്ചി ഇന്‍ഫോ പാര്ക്കിലാണ് കെ ഫോണിന്റെ ഓപ്പേററ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടരലക്ഷം വാണിജ്യ കണക്ഷന്‍ നൽകുന്നതിലൂടെ പദ്ധതി ലാഭത്തിലാക്കാൻ കഴിയുമെന്നാണ് സര്‍ക്കാറിന്റെ നിഗമനം.
അതേസമയം എംഎല്‍എമാരോടും എംപിമാരോടും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളോടും കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ യുഡിഎഫ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് കെ ഫോണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിനു ശേഷം കെ ഫോണ്‍ ഉപഭോക്താക്കളുമായി ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി സംവദിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിനോടൊപ്പം മണ്ഡലാടിസ്ഥാനത്തിലും ആഘോഷപരിപാടികള്‍ നടത്തും.
%20(42).jpg)
0 Comments