banner

എസ്എഫ്‌ഐക്കാർ അച്ഛനേക്കാൾ പ്രായമുള്ള എന്നെ അസഭ്യം പറയുകയും അശ്ലീലം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭയമാകുന്നു; ഇവരെങ്ങാനും ഇപ്പോഴത്തെപ്പോലെ ഭാവിയിൽ മന്ത്രിമാർ ആയാലുള്ള ദുരന്തം ആലോചിക്കുമ്പോൾ; കുറിപ്പുമായി ഡോ.എസ്.എസ്.ലാൽ

കൊച്ചി : അച്ഛന്റെ പ്രായമുള്ള തന്നെ എസ്എഫ്‌ഐക്കാർ അസഭ്യം പറയുകയും അശ്ലീലം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭയമാകുന്നുവെന്ന് ആരോഗ്യവിദഗ്ധനും കോൺഗ്രസ് നേതാവുമായ ഡോ.എസ്.എസ്.ലാൽ. കള്ളസർട്ടിഫിക്കറ്റ് വിവാദത്തിലുൾപ്പെടെ ശക്തമായ നിലപാട് എടുത്തതിന് പിന്നാലെ അദ്ദേഹത്തിന് വലിയ തോതിൽ ഭീഷണി ഉണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി അദ്ദേഹം കുറിപ്പ് ഇട്ടത്.

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പഠിച്ചവർക്ക് ഈ തട്ടിപ്പുകൾക്ക് മുന്നിൽ ഇനിയും നിശബ്ദ കാഴ്ചക്കാരായി തുടരാൻ കഴിയില്ല.തന്റെ ഫേസ്ബുക്ക് പേജിലും മെസഞ്ചറിലും വരെ ഭീഷണിയും അസഭ്യവും പറയുന്നവരുണ്ട്. അവരുടെ പ്രൊഫൈൽ നോക്കുമ്പോൾ സി.പി.എം എന്ന് കണ്ടാൽ എനിക്ക് വിഷമമില്ല. കാരണം അവരെ ഇനി നന്നാക്കാൻ കഴിയില്ല. എന്നാൽ എസ്.എഫ്.ഐ എന്ന് കാണുമ്പോൾ വേദനയാണ്. അവർ നാടിന്റെ നാളെയുടെ പൗരന്മാരാണ്.ഇവരെങ്ങാനും ഇപ്പോഴത്തെപ്പോലെ ഭാവിയിൽ മന്ത്രിമാർ ആയാലുള്ള ദുരന്തം ആലോചിക്കാൻ സാധിക്കുന്നില്ലെന്നും, ഒരു നാടിന് എല്ലാക്കാലത്തും ദുരന്തത്തിൽ കഴിയാനാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

1950 കളിൽ ചിറയിൻകീഴ് ഗ്രാമത്തിലെ ഒരു സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ നല്ല മാർക്കിൽ പാസായപ്പോൾ കോളജ് പഠനത്തിന് നിവൃത്തിയില്ലാതിരുന്ന സമർത്ഥനായൊരു ബാലൻ. കോളേജ് പഠനത്തിനായി സഹായമഭ്യർത്ഥിച്ചപ്പോൾ ആ ബാലനോട് തുടർന്ന് പഠിക്കേണ്ടെന്നും സ്വന്തം നെയ്ത്ത് ശാലയിൽ നെയ്ത്ത് തൊഴിലാളിയായി പണിയെടുക്കാനും ഉപദേശിച്ച ധനികനും വ്യവസായിയുമായ വല്യകാരണവർ. നിറകണ്ണോടെ കാരണവർക്ക് നമസ്‌കാരം പറഞ്ഞിറങ്ങി ഒരു മുതിർന്ന സുഹൃത്തിന്റെ പക്കൽ നിന്നും അഞ്ച് രൂപ കടം വാങ്ങി ജീവിതത്തിൽ ആദ്യമായി ട്രെയിൻ കയറി തിരുവനന്തപുരം പട്ടണത്തിൽ ഇറങ്ങി വഴി ചോദിച്ച് നടന്ന് ഇന്റർമീഡിയറ്റ് കോളേജിൽ (ഇന്നത്തെ ആർട്‌സ് കോളേജ്) എത്തിയ ആ ബാലൻ.

രണ്ട് വർഷത്തെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ അദ്ദേഹം കുടുംബം പോറ്റാനായി പതിനെട്ടാം വയസിൽ ആരോഗ്യ വകുപ്പിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഇരുപത്തിരണ്ടാം വയസിൽ സഹപ്രവർത്തകയെ വിവാഹം ചെയ്തു. ചിതറയെന്ന ചെറിയ ഗ്രാമത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടുകാർ കൊണ്ടുവന്ന കല്യാണം മുടക്കാൻ സത്യാഗ്രഹമനുഷ്ടിച്ച് വിജയിച്ച് പത്ത് പാസായി രണ്ട് കൊല്ലം കോളേജ് വിദ്യാഭ്യാസവും പിന്നാലേ സർക്കാർ ജോലിയും നേടിയ വനിതയാണ് ആ പങ്കാളി. മകന് ആറ് മാസം പ്രായമുള്ളപ്പോൾ തിരുവനന്തപുരം നഗരത്തിൽ വാടക വീട്ടിൽ താമസമാക്കിയ ദമ്പതികൾ. അവരാണ് എന്റെ അച്ഛനും അമ്മയും. അന്തരിച്ച വി. സദാശിവനും കെ. ശ്രീമതിയും.

പ്രൈമറി സ്‌കൂൾ മുതൽ ഞാനും അനിയത്തിയും കാണുന്നത് വലിയ പുസ്തകങ്ങളാണ്. കടുത്ത അദ്ധ്വാനമുള്ള സർക്കാർ ജോലിയ്ക്ക് ശേഷം ദിവസവും യൂണിവേഴ്‌സിറ്റി കോളേജിൽ ഈവനിംഗ് ക്ലാസിൽ പോയി നാല് വർഷ ബി.എ.യ്ക്ക് പഠിക്കുകയായിരുന്നു അവർ. ആദ്യം അച്ഛനും പിന്നാലേ അമ്മയും. അതിന് ശേഷം അച്ഛൻ ഈവനിംഗ് കോളേജിൽ എൽ.എൽ.ബി യ്ക്ക് പോയി. അമ്മ എം.എ പഠിച്ചു. ഇതിനിടയിൽ അമ്മയുടെ ചില സഹോദരങ്ങളും അച്ഛന്റെ ചില ബന്ധുക്കളും ഞങ്ങളുടെ ചെറിയ വീട്ടിൽ വന്ന് താമസിച്ച് പഠിച്ചു. സ്വന്തം ഗ്രാമങ്ങളിൽ നിന്ന് പഠനത്തിന് സഹായം തേടിയ ഒരുപാട് പേരെ അവർ കൈയയച്ചു സഹായിച്ചു.

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ചെറിയ മാർക്കിന്റെ കുറവിൽ എനിക്ക് മെഡിസിന് കിട്ടിയില്ല. അന്ന് എൻട്രൻസ് പരീക്ഷ ഇല്ല. കേരളത്തിൽ നാല് മെഡിക്കൽ കോളേജുകളേ ഉള്ളൂ. ഉള്ള മെഡിക്കൽ സീറ്റുകളുടെ 60% ബി.എസ്.സി ക്കാർക്കായി മാറ്റി വച്ചിരുന്നു. ഞാനും ബി.എസ്.സി യ്ക്ക് പോയി. എങ്ങനെയും മെഡിസിൻ അഡ്മിഷൻ നേടണമെന്ന വാശിയിൽ. ബി.എസ്.സി കഴിയുമ്പോഴേയ്ക്കും ആദ്യമായി കേരളത്തിൽ എൻട്രൻസ് പരീക്ഷ നടപ്പിലാക്കി. ആദ്യ തവണ എനിക്ക് കിട്ടിയത് ബി.ഡി.എസ് ആണ്. അനിയത്തിക്ക് ബി.എസ്.സി അഗ്രിക്കൾച്ചറും. അടുത്ത എൻട്രൻസ് പരീക്ഷ ആറ് മാസത്തിനുള്ളിൽ വന്നു. ഞാൻ വീണ്ടും എഴുതി. എം.ബി.ബി.എസ് -ന് അഡ്മിഷൻ കിട്ടി. സംസ്ഥാനത്ത് നൂറ്റി ഇരുപതിനടുത്ത റാങ്കായിരുന്നു. പ്രതിവർഷം ഫീസ് എഴുനൂറ് രൂപയും. എം.ബി.ബി.എസ് കഴിയുമ്പോൾ എനിക്ക് വയസ് ഇരുപത്തേഴ്. നീണ്ട മെഡിക്കൽ സമരങ്ങൾ കാരണം ഒരു വർഷത്തിലധികം കോഴ്‌സ് ലാഗും സംഭവിച്ചിരുന്നു.

അച്ഛനും അമ്മയും ശമ്പളം കിട്ടിയ മുഴുവൻ പണവും ഉപയോഗിച്ചും ലോണെടുത്തും എന്നെയും അനിയത്തിയെയും പഠിപ്പിച്ചത് സന്തോഷത്തോടെയായിരുന്നു. വാശിയോടെയും. കേരളത്തിലെ നിരവധി ശരാശരി കുടുംബളുടെ പുരോഗതിയുടെ പാത സമാനമാണ്. മക്കളെ പഠിപ്പിക്കാൻ സർവവും ഉപക്ഷിച്ച മനുഷ്യരുടെ ത്യാഗത്തിന്റെ കഥകൾ കേരളം മുഴുവനുമുണ്ട്.

ഞങ്ങളുടെ വരുമാനം അച്ഛന്റെയും അമ്മയുടെയും ശമ്പളമായിരുന്നു. കൈക്കൂലിക്കെതിരെ പോരാടിയവർ കൂടിയായിരുന്നു അവർ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നിട്ട് സർക്കാർ കാറോ ഫോണോ ഉപയോഗിക്കാതിരുന്ന മനുഷ്യനാണ് അച്ഛൻ. ഓട്ടോറിക്ഷയായിരുന്നു ഖദറിട്ട ആ മനുഷ്യന്റെ ഇഷ്ട വാഹനം. വിവാഹം കഴിഞ്ഞ് ഞാൻ സന്ധ്യയെ കൊണ്ടുവരുന്നത് ഞങ്ങളുടെ വാടക വീട്ടിലായിരുന്നു.

അഗ്രിക്കൾച്ചർ പാസായ അനിയത്തി എൽ.എൽ.ബി കൂടി ചെയ്ത് വക്കീലായി. എം.ബി.ബി.എസ് കഴിഞ്ഞ ഞാൻ കുറച്ചു വർഷങ്ങൾക്ക് ശേഷം മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (MPH) ഡിഗ്രിയെടുത്തു, ഇന്ത്യയിലാദ്യമായി തിരുവനന്തപുരത്ത് ശ്രീചിത്ര ദേശീയ ഇൻസ്റ്റിട്യൂട്ടിൽ ആരംഭിച്ച ഈ പൊതുജനാരോഗ്യ പഠനത്തിന്റെ ആദ്യ ബാച്ചിൽ. പിന്നെ എം.ബി.എ എടുത്തു, ഇഗ്‌നൂവിൽ നിന്ന്. അമേരിക്കയിൽ താമസിക്കുമ്പോൾ പി.എച്.ഡി എടുത്തു. ഇനിയും കുറേ അക്കാഡമിക് സർട്ടിഫിക്കറ്റുകൾ ഉണ്ട്. അതൊന്നും ഇവിടെ എഴുതുന്നില്ല. എന്റെ പങ്കാളി സന്ധ്യ എന്നേക്കാൾ ഡിഗ്രികൾ എടുത്തു. ഞങ്ങളുടെ മുഖ്യ സമ്പാദ്യം ഈ ഡിഗ്രികളും അതുവഴി കിട്ടിയ ജോലികളുമാണ്.

ചെറിയ സാഹചര്യങ്ങളിൽ തുടങ്ങിയെങ്കിലും നിരന്തരമായ അദ്ധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായി ജീവിതം കരുപ്പിടിപ്പിക്കാൻ കഴിഞ്ഞ മലയാളികളുടെ കൂട്ടത്തിലാണ് ഞങ്ങളുമെന്ന കാര്യം വലിയ അഭിമാനമാണ്. ചെറിയ ഫീസുകളിൽ പഠിക്കാൻ അവസരം നൽകിയ പൊതുവിദ്യാലയങ്ങളെയും അവിടങ്ങളിലെ അദ്ധ്യാപകരെയും ഇവിടെ നന്ദിയോടെ ഓർക്കുന്നു.

ഏത് ചെറിയ വീട്ടിൽ ജനിച്ചാലും പഠനവും അദ്ധ്വാനവും കൊണ്ട് നമ്മൾ സ്വപ്നം കാണുന്ന ഏതിടങ്ങളിലും എത്തിച്ചേരാൻ കഴിയുമെന്നാണ് വർഷങ്ങളായി ഞാൻ യുവാക്കളോടും എന്റെ വിദ്യാർത്ഥികളോടും പറയാൻ ശ്രമിക്കുന്നത്.

ഇന്ന് ഇത്രയും വിശദമായി എഴുതാൻ കാരണമുണ്ട്. കേരളത്തിലെ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ എന്നെക്കൊണ്ടാവും വിധം ശക്തമായി ഞാനും ഇടപെടുന്നുണ്ട്. സി.പി.എമ്മിനോടും പോഷക സംഘടനകളോടും എതിർത്തുനിൽക്കുന്നത് സുരക്ഷിതമല്ലെന്ന് ഒരുപാട് സുഹൃത്തുക്കൾ എന്നെ ഉപദേശിക്കുന്നു. ഞാൻ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യേയും അവരെ വളർത്തുന്ന സി.പിഎമ്മിനേയും തോൽപിച്ച് ചെയർമാനായി രാഷ്ട്രീയം തുടങ്ങിയ ആളാണ്. യുദ്ധം നടക്കുന്ന രാജ്യങ്ങൾ സന്ദർശിക്കുന്നയാളാണ്. ആഭ്യന്തര യുദ്ധം നടന്ന രാജ്യത്ത് യു.എൻ ന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയിൽ രാജ്യമാകമാനം ഓടിനടന്ന് ജോലി ചെയ്ത ആളാണ്. ഞാൻ തീരുമാനിച്ച് തന്നെയാണ് ഈ വിഷയത്തിൽ ഇടപെടുന്നത്.

പതിറ്റാണ്ടുകളായി വിദ്യാഭ്യാസ രംഗം മാനഭംഗം ചെയ്യപ്പെടുന്നത് കണ്ട് കലിയുളള മനുഷ്യരിൽ ഒരാളാണ് ഞാനും. ഈ തട്ടിപ്പിന് അവസാനം കാണുന്നതുവരെ ഞാനും എന്റെ പങ്ക് നിർവഹിച്ചു കൊണ്ടേയിരിക്കും. പാടുപെട്ട് പഠിച്ചവർക്ക് ഈ തട്ടിപ്പുകൾക്ക് മുന്നിൽ ഇനിയും നിശബ്ദ കാഴ്ചക്കാരായി തുടരാൻ കഴിയില്ല.

എന്റെ ഫേസ്ബുക്ക് പേജിലും മെസഞ്ചറിലും വരെ ഭീഷണിയും അസഭ്യവും പറയുന്നവരുണ്ട്. അവരുടെ പ്രൊഫൈൽ നോക്കുമ്പോൾ സി.പി.എം എന്ന് കണ്ടാൽ എനിക്ക് വിഷമമില്ല. കാരണം അവരെ ഇനി നന്നാക്കാൻ കഴിയില്ല. എന്നാൽ എസ്.എഫ്.ഐ എന്ന് കാണുമ്പോൾ വേദനയാണ്. അവർ നാടിന്റെ നാളെയുടെ പൗരന്മാരാണ്. അച്ഛനേക്കാൾ പ്രായമുള്ള എന്നെ അസഭ്യം പറയുകയും അശ്ലീലം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഭയമാകുന്നു. ഇവരെങ്ങാനും ഇപ്പോഴത്തെപ്പോലെ ഭാവിയിൽ മന്ത്രിമാർ ആയാലുള്ള ദുരന്തം ആലോചിക്കുമ്പോൾ. ഒരു നാടിന് എക്കാലവും ദുരന്തത്തിൽക്കഴിയാനാകുമോ?

ഡോ: എസ്.എസ്. ലാൽ

Post a Comment

0 Comments