തിരുവനന്തപുരം : ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവിലെ തന്റെ ഇംഗ്ലീഷ് മറുപടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.
പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പ്രതികരണത്തിലൂടെയാണ് മന്ത്രി ആർ. ബിന്ദുവിന്റെ മറുപടി. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിക്കവേ ആർ ബിന്ദു ഇംഗ്ലീഷിൽ പറഞ്ഞ മറുപടിയാണ് ട്രോൾ ആയത്.
പെൺകുട്ടികളെ അടുക്കള സാധനങ്ങൾ കൊടുത്താണ് കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതെന്നും കുടുംബകേന്ദ്രീകൃതമായ ആശയത്തിൽ ഒരു സ്ത്രീയ്ക്ക് അനുവദിക്കപ്പെടുന്ന പ്രാഥമിക ഇടം അടുക്കളയാണെന്നും മറ്റും പറഞ്ഞതിന് ശേഷമായിരുന്നു മന്ത്രിയുടെ പരാമർശം. ഇപ്പോൾ എങ്ങനെയാണ് ദിനചര്യ എന്ന് മോഡറേറ്റർ ചോദിക്കുമ്പോൾ ‘മീറ്റിങ്‌സ് ആൻഡ് മീറ്റിങ്‌സ്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മോഹൻലാലും ശ്രീനിവാസനും തകർത്ത് അഭിനയിച്ച മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിംഗ്ടൺ ഡിസി ടു മിയാമി ബീച്ച് എന്ന് ശ്രീനിവാസൻ ചോദിക്കുമ്പോൾ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്ന മറുപടിയാണ് മോഹൻലാൽ നൽകുന്നത്. ഈ മറുപടിയുമായി ചേർത്ത് വെച്ചായിരുന്നു ട്രോൾ.
മന്ത്രി എന്ന നിലയിൽ കൂടിക്കാഴ്ചകൾ നടത്തേണ്ടി വരാറുണ്ട്. തിരക്കേറിയ ഷെഡ്യൂൾ ആണെന്നും അതേസമയം തന്നെ കുടുംബകേന്ദ്രീകൃത ആശയത്തിലെ ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ടെന്നും പറഞ്ഞ മന്ത്രി ‘വെയർ എവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് കൂട്ടിച്ചേർത്തതും വീഡിയോയിൽ ഇടംപിടിച്ചിരുന്നു. ഇതാണ് എവിടെപ്പോയാലും വീടിനെ സ്ത്രീകൾക്ക് തലയ്ക്കകത്തു തന്നെ എടുക്കേണ്ടി വരുന്നുണ്ടെന്ന് താൻ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചത്.
‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്നായിരുന്നു അവർക്ക് നൽകിയ മറുപടിയെന്നും ആർ ബിന്ദു പറയുന്നു.
തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു ഡോക്ടറേറ്റ് കൂടിയുളള ആർ ബിന്ദു. ഇതുമായി കൂട്ടിയിണക്കിയും ട്രോളുകൾ പ്രചരിച്ചിരുന്നു.
.jpg)
0 Comments