banner

അഡീഷണൽ സബ് കളക്ടറുടെ വീട്ടിലും സ്ഥാപനത്തിലുമായി നടന്ന റെയ്ഡ്!, കണക്കിൽ പെടാത്ത മൂന്ന് കോടിയിലധികം രൂപ പിടിച്ചെടുത്ത് വിജിലൻസ്

ഭുവനേശ്വർ : സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത മൂന്ന് കോടിയിലധികം രൂപ കണ്ടെടുത്തു. ഒഡീഷ പോലീസിന്റെ വിജിലൻസ് വിഭാഗം ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും നബരംഗ്പൂർ ജില്ലയിലെ അഡീഷണൽ സബ് കളക്ടറുമായ പ്രശാന്ത് കുമാർ റൗട്ടിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്.

ഭുവനേശ്വർ, നബരംഗ്പൂർ എന്നിവിടങ്ങളിൽ ഇയാൾക്ക് ഒന്നിലധികം വീടുകളുണ്ട്. വീടുകളിലും ഓഫീസുകളിലുമായി നടത്തിയ തിരച്ചിലിലാണ് വൻ തുക കണ്ടെത്തുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയപ്പോൾ ഇയാൾ തൊട്ടടുത്ത വീട്ടിലേക്ക് പണം മാറ്റാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അയൽവാസിയുടെ വീട്ടിൽ നിന്നും കാർഡ്‌ബോർഡ് പെട്ടികളിലാക്കി വച്ചിരുന്ന പണം കണ്ടെത്തി.

റൗട്ടിന്റെ നബരംഗ്പൂരിലെ വസതിയിൽ നിന്ന് 89.5 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും പണം പിടിച്ചെടുക്കുന്ന രണ്ടാമത്തെ വലിയ സംഭവമാണിതെന്ന് വിജിലൻസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. റെയ്ഡ് ഇനിയും തുടരുമെന്നാണ് വിവരം. വിജിലൻസിന്റെ ഒമ്പത് ടീമുകളാണ് തിരച്ചിലിന്റെ ഭാഗമായത്.

Post a Comment

0 Comments