banner

വിങ്ങി ശക്തികുളങ്ങര നാട്!, ഞെട്ടൽ വിട്ടുമാറാതെ ബന്ധുക്കൾ, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു


കൊല്ലം : ശക്തികുളങ്ങര സ്വദേശികളായ ദമ്പതികളും സഹോദരനും ഖത്തറിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചതിൻ്റെ ഞെട്ടൽ വിട്ടുമാറാതെ നാട്. റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ്, ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് എന്നിവരാണ് ഇന്നലെ ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. റോഷിന്‍ ജോണും കുടുംബവും ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശി പ്രവീൺകുമാർ ശങ്കർ, ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ എന്നിവരുമാണ് അപകടത്തിൽ മരിച്ചത്.

ബലിപെരുനാളിനോടനുബന്ധിച്ച് ഖത്തറിൽ അവധി ദിനമായിരുന്നതിനാൽ പുറത്തേക്കിറങ്ങിയ ഇവർ തിരിച്ച് വരുമ്പോഴാണ് സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു കാറിടിച്ച് അപകടം സംഭവിക്കുന്നത്. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു പാലത്തില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു. ഇവരുടെ സംഘത്തില്‍ റോഷിന്‍ ജോണിന്റെ മകനായ ഏദന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഏദന് ഗുരുതരമായ പരിക്കുണ്ട്. സ്ത്രീകള്‍ അടങ്ങിയ സംഘത്തോട് ഖത്തറില്‍ എത്താനും കുട്ടിയെ ഏറ്റുവാങ്ങാനും ഖത്തര്‍ അധികൃതര്‍ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

തീരദേശ മേഖലയായ ശക്തികുളങ്ങരയിലെ ഗ്രാമത്തിൽ നിന്നും സ്വപ്രയത്നത്തില്‍ ഉയര്‍ന്നാണ് റോഷിന്‍ ജോണ്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയത്. ഇതോടെ തന്നെ റോഷിനു ജോലി ലഭിക്കുകയും ചെയ്തു. ശക്തികുളങ്ങര തന്നെയാണ് ആന്‍സിയുടെയും സ്വദേശം. അഴീക്കലില്‍ നിന്നും വിവാഹം കഴിഞ്ഞാണ് ആന്‍സിയും ശക്തികുളങ്ങരയിലേക്ക് എത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി എഞ്ചിനീയറായി ദോഹയില്‍ ജോലി ചെയ്യുകയാണ് റോഷിന്‍. ഏക സഹോദരി വിവാഹം കഴിഞ്ഞു നാട്ടില്‍ തന്നെയുണ്ട്‌.

കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുള്ള വിവാഹമായിരുന്നു റോഷിന്റെയും ഭാര്യ ആന്‍സി ഗോമസിന്റെയും. വിസിറ്റിംഗ് വിസയിലാണ് ഒന്നര മാസം മുൻപ് ആൻസിയും മകൻ ഏദനും ഖത്തറിൽ എത്തിയത്. അത് ആന്‍സിയുടെയും അവസാന യാത്രയായി മാറി. മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ്ആന്‍സിയുടെ സഹോദരനായ ജിജോ ഗോമസിന്റെ മരണം. 

നാട്ടുകാര്‍ക്ക് പരിചിതരായിരുന്നു റോഷിനും ആന്‍സിയും. മകനായ ഏദനെ ശക്തികുളങ്ങരയിലെ നഴ്സറിയിലാണ് ചേര്‍ത്തിരുന്നത്. കുട്ടിയെ നഴ്സറിയില്‍ എത്തിക്കാനും കൂട്ടിക്കൊണ്ട് വരാനും ആന്‍സി തന്നെയാണ് പോയിരുന്നത്. അതുകൊണ്ട് തന്നെ ഈ കുടുംബത്തിനു വന്ന ദുരന്തം ശക്തികുളങ്ങരയുടെ നൊമ്പരമായി. റോഷിന്റെയും ആന്‍സിയുടെയും ജിജോ ഗോമസിന്റെയും അപകടമരണം നാടിന്റെ ഞെട്ടലാണ്-ശക്തികുളങ്ങര മരുതടി വാര്‍ഡ്‌ കൗണ്‍സിലറായ സുമി എം. ഇന്ത്യാ ടുഡേയോട് പറഞ്ഞു. മകന്റെ ഏദന്റെ സര്‍ജറി കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് എത്താന്‍ വേണ്ടി ഖത്തറില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ വിട്ടു കിട്ടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്-സുമി പറയുന്നു. 

ബുധനാഴ്ച രാത്രി അൽഖോറിലെ ഫ്ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരുവാഹനം ഇടിക്കുകയായിരുന്നു. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിൽനിന്ന് താഴെ വീണാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന നാല് വയസുകാരനൊഴികെയുള്ള അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമം. സംസ്കാരം പിന്നീട് ശക്തികുളങ്ങരയില്‍. 

Post a Comment

0 Comments