പാലക്കാട് : ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രംഗത്ത്. പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനാണ് സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തന്റെ നോമിനേഷൻ ഷാഫി മനപ്പൂർവ്വം തള്ളിയെന്നും ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവണതയാണെന്നും സദ്ദാം ആരോപിച്ചു.
ബിജെപിയിലെ ഉന്നത നേതാക്കളുമായി ഷാഫി പറമ്പിലിന് രഹസ്യ ബന്ധമുണ്ടെന്നും സദ്ദാം ഹുസൈൻ വിമര്‍ശിച്ചു. ബിജെപിക്കെതിരെ സമരം ചെയ്യരുതെന്ന് പ്രവർത്തകർക്ക് ഷാഫി നിർദേശം നൽകിയിരുന്നു. പാലക്കാട് നഗരസഭ ബിജെപിക്ക് നൽകി മണ്ഡലം നിലനിർത്താൻ ധാരാണയുണ്ടാക്കിയെന്നും സദ്ദാം ഹുസൈൻ ആരോപിച്ചു.
ഷാഫി പറമ്പിലിന്റെ സാമ്പത്തിക ഉറവിടം പരിശോധിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു. വിഷയത്തിൽ കെപിസിസിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകുമെന്നും നീതിക്കായി കോടതിയെയും സമീപിക്കുമെന്നും സദ്ദാം ഹുസൈൻ അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ആരോപണം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിന്റെ അബിൻ വർക്കിയും തമ്മിലാണ് ശക്തമായ മത്സരം നിലനിൽക്കുന്നത്. കെ സി വേണുഗോപാൽ പക്ഷത്ത് നിന്ന് ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നാണ് വിവരം.

0 Comments