ബെംഗളൂരു : കര്‍ണാടക നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കുനേരേ കടലാസ് കീറിയെറിഞ്ഞ് പ്രതിഷേധിച്ച പത്ത് ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. സ്പീക്കര്‍ യുടി ഖാദറാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുത്തത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ എംഎല്‍എമാര്‍ കടലാസ് കീറിയെറിഞ്ഞത്.
സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലമണി ബുധനാഴ്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോയതോടെ ഇക്കാര്യവും ചോദ്യംചെയ്ത് ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി നടുക്കളത്തിലിറങ്ങിയ ചില എംഎല്‍എമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് കീറിയെറിയുകയായിരുന്നു.
ബഹളം കനത്തതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെ സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബെംഗളൂരുവില്‍ നടന്ന സര്‍ക്കാര്‍ ഇതര പരിപാടിക്ക് (പ്രതിപക്ഷ പാര്‍ട്ടി സമ്മേളനം) ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ ബിജെപിയും ജെഡിഎസും നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം, കര്‍ണാടക സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്റെ ഭാഗമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശദീകരണം. ബെംഗളൂരുവിലേക്ക് വന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും മുന്‍ കേന്ദ്രമന്ത്രിമാരേയും അതിഥികളായാണ് കണ്ടത്. ഇത്തരം വിശിഷ്ടാതിഥികളെ മാത്രം സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നും ഇതല്ലാതെ സംസ്ഥാന സര്‍ക്കാരിന് പ്രതിപക്ഷ പരിപാടിയില്‍ യാതൊരു പങ്കുമില്ലെന്നും സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു.
.jpg)
0 Comments