കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹര്‍ഷിന. സത്യം എത്ര മൂടിവെച്ചാലും പുറത്തു വരുമെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെക്കുറിച്ച് സമര പന്തലില്‍ പ്രതികരിക്കുകയായിരുന്നു ഹര്‍ഷിന. എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരും. താന്‍ പറഞ്ഞതില്‍ ഒരു ശതമാനം പോലും കളവില്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായെന്നും ഹര്‍ഷിന പറഞ്ഞു. താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അനുഭവിച്ച വേദനയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം. കുറ്റക്കാരെ കണ്ടെത്തിയത് കൊണ്ട് മാത്രം കാര്യമില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും ഹര്‍ഷിന പറഞ്ഞു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവര്‍ക്കും അറിയാം. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹര്‍ഷിന പ്രതികരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

0 Comments