കൊച്ചി : ആലുവയിൽ കാണാതായ പെൺകുട്ടിയുടെ കൊലപാതകക്കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് റെയ്ഞ്ച് ഡിഐജി ശ്രീനിവാസൻ. കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അതിന് ചുറ്റും മൂന്ന് കല്ലുകളിട്ട് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മൂടിയ നിലയിലായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് തുടരന്വേഷണത്തിലെ മനസ്സിലാകൂ. കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാന്നുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തുമെന്നും ഡിഐജി അറിയിച്ചു. ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മഞ്ജയ് കുമാറിന്റെ മകൾ ചാന്ദ്നി കുമാരിയാണ് കൊല്ലപ്പെട്ടത്.
തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി പ്രതി അസ്ഫാക്കിനെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ഡിഐജി ശ്രീനിവാസൻ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് തന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഒരു അമ്മ പരാതിയുമായി എത്തുന്നത്. അപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുറേ ദൃക്‌സാക്ഷികളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ പിടികൂടി കസ്റ്റഡിയിലെടുത്തെന്നും ഡിഐജി ശ്രീനിവാസൻ പറഞ്ഞു.
ചോദ്യംചെയ്യലില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ വേണ്ടി പ്രതി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. എസ്പിയുടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി കുട്ടിയെ കൊന്ന് കുഴിച്ചിട്ട സ്ഥലം കാണിച്ചുതരാമെന്ന് മൊഴി നല്‍കി. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ വന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി പറഞ്ഞു.
മൂന്ന് മണിക്ക് വീടിന് അടുത്തുളള ചിക്കന്‍ സ്റ്റാളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ കൂടെ കുട്ടിയുണ്ട്. അഞ്ച് മണിക്ക് മറ്റൊരു സിസിടിവി ദൃശ്യം ലഭിച്ചു. ആ ദൃശ്യത്തില്‍ പ്രതിയുടെ കൂടെ കുട്ടിയില്ലായിരുന്നു. ഈ ഒരു സമയത്തിനുളളിലാണോ കൊലപാതകം നടന്നതെന്ന് കണ്ടെത്താനുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും മറ്റ് ആരെങ്കിലും ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ആലുവയിലേക്ക് എന്തിന് വന്നു എന്നും പരിശോധിക്കേണ്ടതുണ്ട്. ഈ മാസം 22 ന് ആണ് ഇയാള്‍ ആലുവ ഭാഗത്തേക്ക് വന്നത് എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ചാന്ദ്നികുമാരിയെ വീടിന് മുകളില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളി അഫ്സാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി സ്ഥിരമദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസിയും പ്രതികരിച്ചു. ഇന്നലെ വൈകിട്ട് കുട്ടികള്‍ കളിക്കുമ്പോള്‍ അഫ്‌സാക്ക് സ്ഥലത്ത് ഉണ്ടായിരുന്നു എന്നും സമീപവാസി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല.
തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസിലാണ് ചാന്ദ്നി പഠിക്കുന്നത്. നന്നായി മലയാളം സംസാരിക്കുമായിരുന്നു. രണ്ടു ദിവസം മുമ്പാണ് പ്രതി അസ്ഫാക്ക് ആലം ഇവരുടെ വീട്ടിനു മുകളിലത്തെ നിലയിൽ താമസിച്ചു തുടങ്ങിയത്. ജ്യൂസ് വാങ്ങി നൽകാം എന്നു പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അച്ഛനമ്മമാർ അറിയുന്നത്. ആലുവാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

0 Comments