തിരുവനന്തപുരം : മുതലപ്പൊഴി അപകടത്തിൽ കാണാതായ നാലാമത്തെ മൽസ്യത്തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി. കാണാതായ റോബിന്റെ മൃതദേഹമാണ് കഠിനംകുളം കായലിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെയും ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൂന്നാമത്തെ മൃതദേഹം പുലിമുട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയതിന് ശേഷം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.
പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് പുലിമുട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേരാണ് അപകടത്തില്‍ പെട്ടത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.
പുലര്‍ച്ചെ മൂന്നരക്ക് മീന്‍പിടിക്കാന്‍ പോയ ബോട്ട് യാത്രതിരിച്ച് മിനിറ്റുകള്‍ക്കുളളില്‍ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ പോയ മത്സ്യത്തൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

0 Comments